ചരിത്രത്തില്‍ ഇടം നേടി ശിവഗിരി തീര്‍ത്ഥാടന സമ്മേളനം സമാപിച്ചു

Thursday 1 January 2015 11:43 pm IST

വര്‍ക്കല: ചരിത്രത്തില്‍ ഇടംനേടി മൂന്ന് ദിവസമായി നടന്നുവന്ന 82-ാമത് ശിവഗിരി തീര്‍ത്ഥാടനം സമാപിച്ചു. ഇത്തവണ ശിവഗിരി തീര്‍ത്ഥാടനത്തിന് വളരെയേറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. ശ്രീനാരായണ ഗുരുദേവന്‍ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വേണ്ടി വളരെ ലളിതമായി രചിച്ച ദൈവദശകം പ്രാര്‍ത്ഥനാ ഗീതത്തിന്റെ രചനാശതാബ്ദി ആഘോഷമായിരുന്നു. ഇതിനോടനുബന്ധിച്ച് ശാരദാമഠത്തിന് സമീപത്തായി 10 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന വെള്ളപേപ്പറില്‍ ദൈവദശക രചന ഭക്തജനങ്ങള്‍ നടത്തിയ ഈശ്വരഭക്തി വര്‍ദ്ധിപ്പിക്കുന്നതായിരുന്നു. ലോകസമാധാനം ദൈവദശകത്തിലൂടെ എന്ന സന്ദേശം മുന്‍നിറുത്തി ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറലിന് നല്‍കുന്നതിനായി തയ്യാറായിരിക്കുന്ന ദൈവദശക രചനയില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, ബിജെപി നേതാക്കളായ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, ശോഭാസുരേന്ദ്രന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ രചന നടത്തി. ലോകമനസ്സ് ശിവഗിരിയിലേക്ക് എന്ന സന്ദേശമുയര്‍ത്തി നടത്തിയ ദൈദശക ആലാപനവും ലോകത്തിലെ എല്ലാ ഗുരുദേവ ഭക്തമനസ്സിനെയും ശിവഗിരയിലേക്ക് തിരിക്കാന്‍ സാധിച്ചു. കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയ, രാംവിലാസ് പാസ്വാന്‍, രാജ്‌നാഥ് സിംഗ്, വെങ്കയ്യ നായിഡു എന്നിവര്‍ വിവിധ തീര്‍ത്ഥാടന സമ്മേളനങ്ങളില്‍ പങ്കെടുത്തു. ദൈവ ദശക ശതാബ്ദി ആഘോഷവും 82-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രസക്തിയും ലോകമെമ്പാടും എത്തിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി സച്ചിതാനന്ദ, സ്വാമി വിശാലാനന്ദ, ഗുരുധര്‍മ്മപ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുടെ തീര്‍ത്ഥാടന ആഘോഷ കാഴ്ചപ്പാട് ഏറെ പ്രശംസനീയമായി. സമാപന സമ്മേളനം എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എ. സമ്പത്ത് എം.പി. അധ്യക്ഷത വഹിച്ചസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി രമേശ്, സി.വി. പത്മരാജന്‍, അഡ്വ. കെ. ഗോപിനാഥന്‍, ആനത്തലവട്ടം ആനന്ദന്‍, സ്വാമി സച്ചിതാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, വര്‍ക്കല കഹാര്‍ എംഎല്‍എ, തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ആദിത്യ ഗ്രൂപ്പ് എംഡി ദേശപാലന്‍ പ്രദീപ് നിര്‍മ്മിച്ച് നല്‍കിയ വയല്‍വാരം പദ്ധതി ഭവനത്തിന്റെ താക്കോല്‍ദാനം നടന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.