പാക് ഭീകരാക്രമണപദ്ധതി തീരരക്ഷാ സേന പൊളിച്ചു

Friday 2 January 2015 11:42 pm IST

പോര്‍ബന്തര്‍: ഭാരതത്തില്‍ വന്‍ ഭീകരാക്രമണം നടത്താനുള്ള പാക് പദ്ധതി കോസ്റ്റ് ഗാര്‍ഡ് പൊളിച്ചു. ഗോവയിലെ ജനത്തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു വന്ന, പാക് ഭീകരര്‍ കയറിയ ബോട്ട് കോസ്റ്റ് ഗാര്‍ഡ് തടഞ്ഞതിനെത്തുടര്‍ന്ന് പൊട്ടിത്തെറിച്ചു. ബോട്ടിലെ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിച്ച് ഭീകരര്‍ ജീവനൊടുക്കുകയായിരുന്നു. ഇതോടെ മുംബൈ മോഡലിലുള്ള വന്‍ ഭീകരാക്രമണ പദ്ധതിയാണ് പൊളിഞ്ഞത്. ലഷ്‌ക്കര്‍ ഭീകരരായിരുന്നു ബോട്ടിലെന്നാണ് സൂചന. പുതുവര്‍ഷത്തലേന്ന് പുലര്‍ച്ചെയാണ് സംഭവം. ഇന്നലെയാണ് പ്രതിരോധമന്ത്രാലയം ഇക്കാര്യം പുറത്തുവിട്ടത്. കറാച്ചിക്കടുത്ത് കേതി ബന്ദറില്‍ നിന്ന് പുറപ്പെട്ട പാക്ക് മീന്‍പിടിത്ത ബോട്ട് സംശയാസ്പദ സാഹചര്യത്തില്‍ ഭാരതത്തിനടുത്ത് എത്തിയതായി 31ന് പാതിരാത്രിയിലാണ് കോസ്റ്റ് ഗാര്‍ഡിന് വിവരം ലഭിച്ചത്. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് പരിസര നിരീക്ഷണത്തിന് ഡോര്‍ണിയര്‍ വിമാനം അയച്ചു. ഗുജറാത്തിലെ പോര്‍ബന്ദറില്‍ നിന്ന് 365 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ നാലു പേര്‍ കയറിയ പാക്ക് ബോട്ട് വിമാനം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഈ മേഖലയിലുണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ പാക്ക് ബോട്ട് കണ്ട സ്ഥലത്തേക്ക് തിരിച്ചുവിട്ടു. കപ്പല്‍ ബോട്ടിനെ പിന്തുടര്‍ന്നു. ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും വേഗത കൂട്ടി അതിര്‍ത്തി കടന്ന് രക്ഷപ്പെടാനാണ് അവര്‍ ശ്രമിച്ചത്. ഒന്നര മണിക്കൂേറാളം പാക്ക് ബോട്ടിനെ പിന്തുടര്‍ന്ന കോസ്റ്റ് ഗാര്‍ഡ് ഒടുവില്‍ മുന്നറിയിപ്പ് വെടിയുതിര്‍ത്ത് ബോട്ട് തടഞ്ഞു. ബോട്ടിലുള്ളവര്‍ ആരൊക്കെയാണെന്ന് തിരക്കിയ കോസ്റ്റ് ഗാര്‍ഡധികൃതര്‍ അന്വേഷണവുമായി സഹകരിക്കാനും അവരോട് ആവശ്യപ്പെട്ടു. ഈ സമയം ബോട്ടിലുണ്ടായിരുന്നവര്‍ മേല്‍ത്തട്ടിനടിയിലേക്ക് കയറി ബോട്ടിന് തീയിടുകയാണ് ചെയ്തത്. ഇതോടെ വലിയൊരു സ്‌ഫോടനത്തോടെ ബോട്ടും അതിലുള്ളവരും കത്തിയമര്‍ന്നു. മോശം കാലാവസ്ഥയും ഇരുട്ടും കാരണം ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ബോട്ട് പുലര്‍ച്ചയോടെ പൂര്‍ണ്ണമായി കത്തുകയും മുങ്ങുകയും ചെയ്തതായി പ്രതിരോധമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. ബോട്ടിന്റെ അവശിഷ്ടങ്ങള്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളും വിമാനങ്ങളും തെരച്ചില്‍ തുടരുകയാണ്. ഏതാനും മാസങ്ങളായി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും തീരമേഖല വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.