എരുമേലി പേട്ടതുള്ളല്‍; അമ്പലപ്പുഴ സംഘം ആറിന് പുറപ്പെടും

Friday 2 January 2015 8:15 pm IST

ആലപ്പുഴ: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളി ശബരിമല ദര്‍ശനം നടത്തുന്നതിനായി അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം ആറിന് യാത്രതിരിക്കും. 51 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് അന്നദാനവും വിവിധ ക്ഷേത്രങ്ങളിലും വീടുകളിലുമായി 17 ആഴിപൂജകളും നടത്തിയ ശേഷമാണു സംഘം യാത്ര ആരംഭിക്കുന്നത്. ആറിനു രാവിലെ 6.30നു ആരംഭിക്കുന്ന രഥയാത്ര നഗരപ്രദക്ഷിണമായി അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങള്‍ ദര്‍ശിച്ച് രാത്രി എട്ടരയോടെ തിരികെയെത്തും. ഒമ്പതിനു മണിമലക്കാവ് ദേവീ ക്ഷേത്രത്തില്‍ ആഴിപൂജ നടത്തിയ ശേഷം 10ന് സംഘം എരുമേലിയില്‍ എത്തി വിരിവയ്ക്കും. 11നാണ് പ്രസിദ്ധമായ അമ്പലപ്പുഴ സംഘത്തിന്റെ എരുമേലി പേട്ടതുള്ളല്‍, രാവിലെ ഒമ്പതിനു പേട്ടപ്പണം വയ്ക്കല്‍ ചടങ്ങോടെ പേട്ടയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. പത്തോടെ സംഘം കൊച്ചമ്പലത്തിലേക്ക് യാത്രതിരിക്കും. ആകാശത്തു വട്ടമിട്ടു പറക്കുന്ന കൃഷ്ണപ്പരുന്തിനെ ദൃശ്യമായതിനു ശേഷമേ പേട്ടതുള്ളല്‍ ആരംഭിക്കുകയുള്ളൂ. അമ്പലപ്പുഴ ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്കു ശേഷം അമ്പലപ്പുഴ ഭഗവാന്‍ ഗരുഡാരൂഢനായി എരുമേലി കൊച്ചമ്പലത്തിലെത്തി പേട്ടയില്‍ പങ്കെടുക്കുന്നവരെ അനുഗ്രഹിക്കുവാന്‍ എഴുന്നെള്ളുന്നുവെന്നതാണ് സങ്കല്‍പം. ചെറിയമ്പലത്തില്‍ നിന്നും ഇറങ്ങുന്ന സംഘം നേരെ വാവരുപള്ളിയില്‍ പ്രവേശിക്കും. തുടര്‍ന്ന് സമൂഹപ്പെരിയോന്റെയും വാവര്‍ പ്രതിനിധികളുടെയും നേതൃത്വത്തിലെത്തുന്ന സംഘത്തെ വലിയമ്പലത്തിനു മുമ്പില്‍ ദേവസ്വം ഭാരവാഹികള്‍ സ്വീകരിക്കും. 13ന് പമ്പ സദ്യ നടത്തിയ ശേഷം സംഘം മലകയറും. മകരവിളക്കുദിവസം നെയ്യഭിഷേകവും അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവും നടത്തും. മകരവിളക്കിന്റെ പിറ്റേദിവസം മാളികപ്പുറത്തു നിന്നും അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി നടത്തും. ശീവേലി പതിനെട്ടാം പടിക്കല്‍ എത്തുമ്പോള്‍ കര്‍പ്പൂരാധന നടത്തിയ ശേഷം ശീവേലി തിരികെ മാളികപ്പുറത്തെത്തി ഇറക്കി എഴുന്നെള്ളിക്കും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പ വിഗ്രഹം ദര്‍ശിച്ച് പത്തുനാള്‍ നീളുന്ന തീര്‍ത്ഥാടനത്തിനു സമാപനം കുറിച്ചു സംഘം മലയിറങ്ങും. അമ്പലപ്പുഴ സംഘം സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. അമ്പലപ്പുഴ അയ്യപ്പ ഭക്തജനസംഘം പ്രസിഡന്റ് കെ. ചന്തു, സെക്രട്ടറി ജി. മോഹനന്‍നായര്‍, ഖജാന്‍ജി ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ജി. ശ്രീകുമാര്‍, ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ തമ്പി, രഥഘോഷയാത്ര കമ്മറ്റി ചെയര്‍മാന്‍ സി.എന്‍. രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.