അക്രമികള്‍ ഔദ്യോഗിപക്ഷക്കാര്‍ കൃഷ്ണപിള്ള സ്മാരകം;സിബിഐ അന്വേഷിക്കണമെന്നു വിഎസ് പക്ഷം

Friday 2 January 2015 8:26 pm IST

ആലപ്പുഴ: കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാപക നേതാവു പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകം കത്തിച്ചതു പാര്‍ട്ടിയംഗങ്ങളായ ഔദ്യോഗിക പക്ഷക്കാരാണെന്നു വിഎസ് വിഭാഗം ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം മുന്‍വിധിയോടെയാണെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്നും വിഎസ് അനുകൂലികളായ പൗരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവു വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി കണ്‍വീനര്‍ പി. സുധീഷ്‌കുമാര്‍ പറഞ്ഞു. സിബിഐ അന്വേഷണം തേടി പ്രകടനവും യോഗവും നടത്തി. നൂറുകണക്കിനു ആളുകളാണു പങ്കെടുത്തത്. ഇതേ ആവശ്യമുന്നയിച്ച് 15ന് കളക്‌ട്രേറ്റ് പടിക്കലും ഫെബ്രുവരി ആദ്യവാരം സെക്രട്ടറിയേറ്റ് പടിക്കലും ധര്‍ണ നടത്തും. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസം രേഖപ്പെടുത്തി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ന്യായീകരിച്ച സാഹചര്യത്തിലാണ് പ്രദേശവാസികള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രക്ഷോഭത്തിനു രംഗത്തിറങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. പ്രദേശത്തു നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ താമസിക്കുന്ന ടി.കെ. പളനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിപിഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയത്. കൃഷ്ണപിള്ള പാമ്പുകടിയേറ്റ മരിച്ച വീടു പാര്‍ട്ടിക്കു വിട്ടുനല്‍കിയ ചെല്ലിക്കണ്ടം കുടുംബത്തിലെ ചിലര്‍ അറിയാതെ സ്മാരകം കത്തിക്കാനും പ്രതിമ തകര്‍ക്കാനും കഴിയില്ല. പാര്‍ട്ടി അംഗങ്ങളും ഔദ്യോഗിക പക്ഷക്കാരുമായ ഇവര്‍ ചമയ്ക്കുന്ന തിരക്കഥ അനുസരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. വി.എസ്. അച്യുതാനന്ദനെ തള്ളിപ്പറഞ്ഞവരാണ് ക്രൈംബ്രാഞ്ചിന് അനുകൂലമായി മൊഴി നല്‍കിയിട്ടുള്ള ചെല്ലിക്കണ്ടം കുടുംബാംഗങ്ങള്‍. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരെ യാതൊരുവിധ അന്വേഷണവും നടത്താതെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് ദുരൂഹമാണെന്നും പൗരസമിതി ജോയിന്റ് കണ്‍വീനര്‍ ഡി. അനില്‍കുമാര്‍, എന്‍. കുട്ടന്‍, മിനി അശോകന്‍, ആശാ രഘുവരന്‍ എന്നിവര്‍ പറഞ്ഞു. കേസിലെ ഒന്നാം പ്രതി ലതീഷ് ബി. ചന്ദ്രന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സിപിഎമ്മിലെ ഔദ്യോഗിക പക്ഷം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സംതൃപ്തി രേഖപ്പെടുത്തുമ്പോള്‍ പ്രതികളും വിഎസ് അനുകൂലികളും സിബിഐ അന്വേഷണം ആവശ്യപ്പടുന്നുവെന്ന സവിശേഷ സാഹചര്യമാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.