പെരുന്ന(ചങ്ങനാശേരി): നാടും നഗരവും പെരുന്നയിലേയ്ക്ക് ഒഴുകിയെത്തി. മന്നം നഗര്‍ ജനസാഗരമായി. സംസ്ഥാനത്തെമ്പാടുമുള്ള പതിനായിരക്കണക്കിന് നായര്‍ സമുദായാംഗങ്ങള്‍ സമുദായാചാര്യന്‍ മന്നത്തു പത്മനാഭന് പ്രണാമര്‍പ്പിച്ച് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം പതിനായിരങ്ങള്‍ ഇന്നലെ രാവിലെ മുതല്‍തന്നെ മന്നം സമാധിയിലെത്തി ആചാര്യനെ വണങ്ങിയശേഷം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്തു. ജയന്തി സമ്മേളനത്തിന് താരശോഭ പകര്‍ന്ന് പത്മശ്രീ മോഹന്ലാലെത്തിയതോടെ ആരാധകരായെത്തിയവരുടെ ആവേശം അതിരുകടന്നു. പലപ്പോഴും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് ആരാധകരുടെ അമിതാവേശത്തെ മൈക്കിലൂടെ നിയന്ത്രിക്കേണ്ടിവന്നു.
മന്നം ജയന്തി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ശതാബ്ദി സമാപന സമ്മേളനം ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എന്‍എസ്എസ് ശതകം എന്ന ഗ്രന്ഥം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീഭായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് നല്കി പ്രകാശനം ചെയ്തു. ഗ്രന്ഥകര്‍ത്താവിന് ഒരുലക്ഷം രൂപയുടെ പാരിതോഷികവും ചടങ്ങില്‍ നല്കി. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണനും പത്മശ്രീ മോഹന്‍ലാലിനും സമുദായാചാര്യന്റെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണപതക്കം സമ്മാനിച്ചു.
ജയന്തി സമ്മേളനത്തിനു മുമ്പ് നേതാക്കള്‍ സമുദായാചാര്യന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ. രാജഗോപാല്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ്, സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറിമാരായ ബി. രാധാകൃഷ്ണമേനോന്, രാധാമണി, അഡ്വ. നാരായണന് നമ്പൂതിരി, ട്രഷറര്‍ എം.ബി. രാജഗോപാല്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്, മേഖലാ പ്രസിഡന്റ് കെ.ആര്. പ്രതാപചന്ദ്രവര്‍മ്മ, മേഖലാ ജനറല്‍ സെക്രട്ടറി കെ.ജി. രാജ്മോഹന്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, ജോയിസ് ജോര്‍ജ്, കെ.സി. വേണുഗോപാല്‍ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കള്‍ പുഷ്പാര്‍ച്ചന യ്ക്കായി മന്നം സമാധിയിലെത്തിയിരുന്നു.
കാല്‍ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പന്തല്‍ സമ്മേളനം തുടങ്ങുന്നതിനു വളരെ മുമ്പുതന്നെ നിറഞ്ഞുകവിഞ്ഞു. ഇതേത്തുടര്‍ന്ന് പന്തലിന്റെ ഇരുവശങ്ങളിലും പൊരിവെയിലത്ത് കസേരകളിട്ടാണ് ആയിരക്കണക്കിനാളുകള്‍ സമ്മേളനം വീക്ഷിച്ചത്. സമ്മേളനത്തിനെത്തിയ എല്ലാവര്ക്കും ഭക്ഷണവും സംഘാടകര്‍ കരുതിയിരുന്നു. ചടങ്ങില്‍ എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതവും എന്‍എസ്എസ് ട്രഷറര്‍ ഡോ. എന്‍.ശശികുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: