ശബരിമലയില്‍ അഭൂതപൂര്‍വ്വമായ തിരക്ക്

Friday 2 January 2015 10:12 pm IST

ശബരിമല: മകരവിളക്ക് മഹോത്സവത്തിനു നടതുറന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശബരിമലയില്‍ തിരക്കേറുന്നു. ഇതിനെതുടര്‍ന്ന് പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇന്നലെ സന്ധ്യയ്ക്ക് ദര്‍ശനത്തിനായുള്ള ക്യൂ ശബരിപീഠവുംപിന്നിട്ട് നീണ്ടു. മുന്‍ വര്‍ഷങ്ങളില്‍ നിന്നുവ്യത്യസ്ഥമായി നടതുറന്ന ദിവസം മുതല്‍ സന്നിധാനത്ത് തിരക്കാണ്. വിളക്കിന് ഏതാനുംദിവസംമുമ്പ് അനുഭവപ്പെടാറുളള ഭക്തജന സഞ്ചയമാണ് മാസത്തിന്റെ ആദ്യദിനങ്ങളില്‍തന്നെ മലയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഈ ദിവസങ്ങളില്‍ അന്യസംസ്ഥാന തീര്‍ത്ഥാടകരാണ് എത്തുന്നവരില്‍ ഏറെയും. ദര്‍ശനത്തിന് ശേഷം തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ സന്നിധാനത്തും, പമ്പയിലും തമ്പടിക്കുന്നത് തിരക്ക് രൂക്ഷമാകാന്‍ കാരണമാകുന്നുണ്ട്. മുന്‍പ് നടന്നിട്ടുള്ള അവലോകനയോഗങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി ദര്‍നത്തിന് ശേഷം ഭക്തര്‍ ഉടന്‍തന്നെ മലയിറങ്ങണം എന്ന നിര്‍ദ്ദേശം കര്‍ശനമായി നല്‍കുമെന്ന് അറിയിച്ചിരുന്നെങ്ങിലും നാളിതുവരെ ഈതീരുമാനം നടപ്പിലാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ദര്‍ശനസമയം നീട്ടിയതും, നടഅടച്ചതിന് ശേഷവും ഭക്തരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കുന്നുണ്ടെങ്കിലും തീര്‍ത്ഥാടക പ്രവാഹം നിയന്ത്രിക്കാന്‍ മിക്ക ദിവസങ്ങളിലും പോലീസ്, ദ്രുതകര്‍മ്മസേന, ദുരന്തനിവാരണ സേന എന്നിവര്‍ക്ക് കഴിയാതെ വരുന്നുണ്ട്. സന്നിധാനത്തെത്തി മിക്കവഴിപാടുകളും നടത്തുന്ന അന്യസംസ്ഥാന തീര്‍ത്ഥാടകരുടെ നീണ്ടക്യൂവാണ് വഴിപാടുകൗണ്ടറുകളില്‍ നിലവില്‍ കാണാന്‍ കഴിയുന്നത്. തിരക്ക് വര്‍ദ്ധിച്ചതോടെ അയ്യപ്പസേവാസമാജം പ്രവര്‍ത്തകര്‍ നടത്തുന്ന അന്നദാനം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. നെയ്യഭിഷേകത്തിനായും ദിനംപ്രതി ഭക്തരുടെ തിരക്ക് ഏറുകയാണ്. പമ്പ, നീലിമല, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ കൂട്ടമായി സാധനങ്ങളും മറ്റും വാങ്ങാന്‍ നിലയുറപ്പിക്കുന്നതും തിരക്കിന് മറ്റൊരുകാരണമാകുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് വേണ്ട നിര്‍ദ്ദേശംനല്‍കാന്‍ ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തത് മലയിറങ്ങുന്നതും കയറുന്നതുമായുളള മറ്റ് തീര്‍ത്ഥാടകരെ നന്നേ ദുരിതത്തിലാക്കുന്നുണ്ട്. മകരവിളക്കിന് മുന്നോടിയായിതന്നെ എത്തുന്ന തീര്‍ത്ഥാടക പ്രവാഹം എങ്ങനെ നിയന്ത്രിക്കണമെന്നറിയാതെ ആശങ്കയിലാണ് അധികൃതര്‍. വിളക്കിനോടനുബന്ധിച്ച് 3200 പോലീസ് ഉദ്യോഗസ്ഥരെ അധികമായി പമ്പയിലും, സന്നിധാനത്തും ഡ്യൂട്ടിയ്ക്ക് നിയോഗിക്കുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ അറിയിച്ചിരുന്നു. എന്നാല്‍ തിരക്ക് വര്‍ദ്ധിച്ചതോടെ മുന്‍കൂട്ടിതന്നെ പോലീസ് ഉദ്യോഗസ്ഥരെ ഇവിടെ എത്തിക്കാന്‍ ശ്രമം നടക്കുന്നതായും സൂചനയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.