കൊച്ചി: കാക്കനാട് സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള പെണ്‍കുട്ടികളുടെ ഭവനത്തിന് സ്നേഹത്തണലൊരുക്കി ജിസിഡിഎ മനുഷ്യകാരുണ്യപ്രവര്ത്തനങ്ങള്ക്ക് തുടക്കംകുറിക്കുന്നു. കുട്ടികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ആവശ്യമായ സഹായം എത്തിക്കുകയെന്നതാണ് പ്രാഥമികമായി ചെയ്യുക.
ക്രിസ്മസ് നവവല്‍സര ആഘോഷങ്ങളുടെ ഭാഗമായി ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ റിക്രിയേഷന്‍ ക്ലബ് ഭാരവാഹികളുമൊത്ത് ഭവനം സന്ദര്‍ശിച്ചിരുന്നു. അറുപതോളം കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഭവനത്തിലേയ്ക്ക് 100 കസേര എത്തിക്കുമെന്ന് ചെയര്മാന് കുട്ടികളെ അറിയിച്ചു. കുട്ടികള്‍ക്ക് ജിസിഡിഎയുടെ പുതിയ ഡയറിയും സമ്മാനമായി നല്കി.
എല്ലാ മാസവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ കുട്ടികളുടെ ഭവനത്തില്‍ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുമെന്നും ചെയര്മാന് പറഞ്ഞു.
വിശാലമായ സ്ഥലസൗകര്യമുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ പലതും പെണ്‍കുട്ടികള്‍ക്ക് പര്യാപ്തമല്ലെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ അത്തരം കാര്യങ്ങളില്‍ പ്രത്യേക ഊന്നല്‍ നല്‍കിയാവും പ്രവര്‍ത്തനം രൂപപ്പെടുത്തുക. ശൗചാലയങ്ങളുടെ അപര്യാപ്തത ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇക്കാര്യത്തിലും അടിയന്തരമായ നടപടി ഉണ്ടാക്കാന്‍ ശ്രമിക്കും. ജിസിഡിഎ സെക്രട്ടറി ആര്. ലാലു, റിക്രിയേഷന്‍ ക്ലബ് ഭാരവാഹികളായ ഷിബു, വിനോയ്കുമാര്‍, ദിവ്യ വിജയന്, കേരള പ്രസ് അക്കാദമി അസി. സെക്രട്ടറി എന്‍. പി. സന്തോഷ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, മന്ദിരത്തിലെ സൂപ്രണ്ട ലേഖ തുടങ്ങിയവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കുട്ടികള്‍ക്ക് ക്ലബിന്റെ വകയായി മധുരപലഹാര വിതരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: