സിപിഎം സമ്മേളനത്തില്‍ ചര്‍ച്ച ബിജെപിയുടെ വളര്‍ച്ച

Saturday 3 January 2015 9:50 am IST

കൊട്ടാരക്കര: ബിജെപിയുടെ കൊട്ടാരക്കരയിലെ വര്‍ധിച്ച് വരുന്ന സ്വാധീനത്തിനെതിരെ ജാഗ്രതയായിരിക്കുവാന്‍ സിപിഎം കൊട്ടാരക്കര ഏരിയ സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് അണികളെ ആഹ്വാനം ചെയ്യുന്നു. ഉപതിരഞ്ഞെടുപ്പുകളില്‍ അടക്കം ബിജെപി നടത്തുന്ന മുന്നേറ്റം പ്രത്യേകം എടുത്തു പറയുന്നു. സിപിഐക്ക് എല്ലാ എല്‍സികളിലും ഘടകങ്ങള്‍ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പുകാലത്ത് പലബൂത്തുകളിലും സിപിഐ പ്രവര്‍ത്തകര്‍ ഇെല്ലന്നും എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്കും മുന്നണി വിട്ട ആര്‍എസ്പിക്കും നേതാക്കള്‍ മാത്രമേയുള്ളു എന്നും പറയുന്നു. പ്രതാപം നശിച്ച പാര്‍ട്ടിയായി കേരളാകോണ്‍ഗ്രസ് (ബി)യെ വിശേഷിപ്പിക്കുന്നു. കടുത്ത വിഭാഗീയത ഒന്നാം ദിവസത്തെ സമ്മേളനത്തിലും പ്രതിഫലിച്ചു. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്‌പോരിനാണ് ഇന്നലെ സമ്മേളനം സാക്ഷിയായത്. വിഎസ് പക്ഷത്തുനിന്നും വെട്ടിക്കവല, കൊട്ടാരക്കര, കോട്ടാത്തല ലോക്കല്‍കമ്മിറ്റികളിലെ പ്രതിനിധികളും പിണറായിപക്ഷത്തു നിന്നും തൃക്കണ്ണമംഗല്‍, ചക്കുവരയ്ക്കല്‍, മേലില, കുളക്കട എന്നിവിടങ്ങളിലെ പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ലോക്കല്‍ സമ്മേളനങ്ങളിലെ കയ്യാങ്കളി, പ്രതിപക്ഷനേതാവ് വിഎസിന്റെ പ്രവര്‍ത്തനശൈലി, താമരക്കുടി സര്‍വ്വീസ് സഹകരണബാങ്കിലെ സാമ്പത്തിക ക്രമക്കേട്, നേതാക്കന്‍മാരുടെ മണ്ണ് മണല്‍ മാഫിയ ബന്ധം എന്നിവയും സമ്മേളനത്തില്‍ ചര്‍ച്ചയായി. സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ വിഭാഗീത അവസാനിപ്പിച്ചാല്‍ തങ്ങളും വിഭാഗീയത അവസാനിപ്പിക്കാമെന്നാണ് വാളകം ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഒരംഗം പറഞ്ഞത്. ഏരിയായില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിഞ്ഞെങ്കിലും വിഭാഗീയപ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ തോല്‍വിയിലേക്ക് വരെ നയിക്കാന്‍ കാരണമായതായി പരാമര്‍ശമുണ്ട്. സൗപര്‍ണ്ണിക ആഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.വരദരാജന്‍ ഉദ്ഘാടനം ചെയ്തു. മത്സരം ഒഴിവാക്കി നിലവിലെ ഏരിയാകമ്മിറ്റിയെ തന്നെ നിലനിര്‍ത്താന്‍ ജില്ലാനേതൃത്വം ശ്രമിക്കുമ്പോള്‍ മത്സരിച്ച് ശക്തി തെളിയിക്കാനാണ് വിഎസ്പക്ഷത്തിന്റെ നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.