ഫിഷറീസ് സര്‍വകലാശാലയുടെ ആദ്യ റീജിയണല്‍ സെന്റര്‍ തിരുവനന്തപുരത്ത്

Saturday 3 January 2015 7:08 pm IST

തിരുവനന്തപുരം: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ റീജിയണല്‍ സെന്റര്‍ തിരുവനന്തപുരം തിരുവല്ലത്ത് ആറിന് രാവിലെ 11ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 2011 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സര്‍വകലാശാലയുടെ ആദ്യ റീജിയണല്‍ സെന്ററാണ് തിരുവല്ലത്ത് തുടങ്ങുന്നത്. പ്രാരംഭഘട്ടത്തില്‍ ഇവിടെ സ്ഥാപിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്‌ളോക്കിന്റെയും ഗസ്റ്റ് ഹൗസിന്റെയും ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി കെ.ബാബു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുമെന്ന് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ബി. മധുസൂദനക്കുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശശി തരൂര്‍ എം.പി, മേയര്‍ കെ. ചന്ദ്രിക, എം.എല്‍.എമാരായ വി. ശിവന്‍കുട്ടി, ഡൊമനിക് പ്രസന്റേഷന്‍, എസ്. ശര്‍മ്മ, ടി.എന്‍. പ്രതാപന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, വി.പി. സജീന്ദ്രന്‍, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. മാര പാണ്ഡ്യന്‍, കാര്‍ഷിക സര്‍വകലാശാല വി.സി ഡോ. പി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മത്സ്യമേഖലയുടെ വളര്‍ച്ചയ്ക്കനുയോജ്യമായ സാങ്കേതിക വിദ്യകളുടെ വികസനം, മത്സ്യ സംസ്‌കരണം, വിപണനം, മൂല്യവര്‍ദ്ധിത ഉത്പാദനം, മത്സ്യ രോഗ നിര്‍ണ്ണയം, മത്സ്യ പരിപാലനം, വിവിധ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് ഈ സെന്റര്‍ ഊന്നല്‍ നല്‍കുന്നത്. സര്‍വകലാശാലയുടെ ഗവേഷണങ്ങളും പഠനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഫീല്‍ഡ് ട്രെയിനിംഗ്, ബോധവത്കരണ ക്‌ളാസുകള്‍, സമഗ്ര മത്സ്യഗ്രാമ വികസന പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. ഇക്കൊല്ലം ഒമ്പത് കോടിരൂപയാണ് ഈ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ളത്. ഇന്റര്‍നാഷണല്‍ ബിസിനസ് സ്‌കൂളും ഈ സെന്ററില്‍ സ്ഥാപിക്കും. രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്ജ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. മുരളീധരന്‍ നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.