ഉമ്മന്‍‌ചാണ്ടിയുടേത് ധാര്‍ഷ്ട്യസമീപനം - പിണറായി വിജയന്‍

Thursday 20 October 2011 3:25 pm IST

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടേത്‌ ധാര്‍ഷ്‌ട്യത്തിന്റേതായ സമീപനമാണെന്നും തെറ്റായ നടപടി വാശിപൂര്‍വം നടപ്പിലാക്കാനുള്ള ശ്രമമാണ്‌ സര്‍ക്കാരിന്റേതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആര് പ്രസംഗിച്ചാലും കേസെടുക്കുന്ന സമീപനമാണു പോലീസിന്റേത്. സര്‍ക്കാരിന്റെ അറിവോടെയാണ് ഇത്തരത്തിലുള്ള പെരുമാറ്റം. പോലീസ് വെടിവയ്പ്പിനെതിരേ എസ്എഫ്ഐ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍. കേട്ടുകേള്‍വിയില്ലാത്ത നിലപാടുകളാണ്‌ ഉമ്മന്‍‌ചാണ്ടിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും കഴിഞ്ഞ കുറേ നാളുകളായി കേരളത്തില്‍ സ്വീകരിച്ചു വരുന്നത്‌. ഒരു വിദ്യാര്‍ത്ഥിക്ക്‌ തെറ്റായ പ്രവേശനം നല്‍കിയ നടപടിയെയാണ്‌ എസ്‌.എഫ്‌.ഐ ചോദ്യം ചെയ്‌തത്‌. ഒരു നടപടി തെറ്റാണെന്ന്‌ കണ്ടാല്‍ തെറ്റുപറ്റി എന്നു തിരിച്ചറിയുകയും അതു പറഞ്ഞു തിരുത്തുകയുമാണ്‌ ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്‌. പക്ഷേ, ഇവിടെ നടപ്പിലായത്‌ ധാര്‍ഷ്‌ട്യത്തിന്റേതായ സമീപനമാണ്‌. സര്‍ക്കാരിനെ കൊണ്ട്‌ തങ്ങള്‍ക്കു പറ്റിയ തെറ്റ്‌ തിരുത്തിക്കുന്നതിനാണ്‌ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്‌. തങ്ങളുടെ തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ ചോദ്യം ചെയ്യുന്നവരെ തല്ലിയൊതുക്കുമെന്ന വാശിയാണ്‌ ഉമ്മന്‍ചാണ്ടിക്ക്‌. തല്ലുകൊണ്ടെന്നും തെറ്റിനെ അംഗീകരിപ്പിക്കാന്‍ കഴിയില്ലെന്ന കാര്യം അദ്ദേഹം മറന്നു പോയി. തല്ലിനോടൊപ്പം മറ്റു മര്‍ദ്ദനമുറകള്‍ പ്രയോഗിച്ചാല്‍ തെറ്റിനെ ചോദ്യം ചെയ്യുന്നവര്‍ ഒതുങ്ങില്ലെന്നത്‌ നാടിന്റെ ചരിത്രം. കേരളത്തിലെ വിദ്യാര്‍ത്ഥി സമരചരിത്രം പഠിപ്പിക്കുന്ന പാഠം അതാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തില്‍ അളന്നു തൂക്കി വാക്കുപയോഗിച്ചില്ലെങ്കില്‍ പിടിച്ചോ കേസ് എന്നാണ് നിലപാട്. എ.സി.പി രാധാകൃഷ്ണപിള്ളയെ വിശുദ്ധനാക്കാനാണ് മാധ്യമങ്ങളുടെ ശ്രമം. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഒരു ഭാഗത്തു നിന്നും ഉണ്ടാകരുതെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. രാധാകൃഷ്ണ പിള്ളയ്ക്കെതിരേ ന്യായമായ നടപടി വേണം. ക്രമസമാധാന ചുമതലയില്‍ നിന്നു മാത്രം മാറ്റിയ നടപടി നാണക്കേടുണ്ടാക്കുന്നതാണ്. തങ്ങള്‍ക്കു വേണ്ടി സത്കര്‍മ്മം നടത്തിയ ഒരാളെ മാന്യനായി സ്വീകരിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും പിണറായി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.