ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

Saturday 3 January 2015 7:32 pm IST

ലബ്ധവര്‍ണാ ലബ്ധമായാ ലലാടനയനോജ്ജ്വലാ ഹ്രീംകാരരൂപാ ഹ്രീംമദ്ധ്യാ ഹ്രീംകാരാകാശഭസ്‌കരീ

96. ലബ്ധവര്‍ണാ: വര്‍ണ്ണം ലഭിച്ചവള്‍. വര്‍ണ്ണത്തിനു നിറം എന്ന് ഒരര്‍ത്ഥം. ശിവപത്‌നിയായ പാര്‍വതി കൃഷ്ണവര്‍ണ്ണയായിരുന്നു. ഒരിക്കല്‍ ശിവന്‍ പാര്‍വതിയെ 'കാളി' എന്നു വിളിച്ചു. നേരമ്പോക്കായി വിളിച്ചതാണെങ്കിലും ദേവി അത് ഇഷ്ടപ്പെട്ടില്ല. ദേവി ഹിമാലയത്തിലുള്ള ഗൗതമാശ്രമത്തില്‍ നൂറുകൊല്ലം തപസ്സുചെയ്ത് ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി. ലോകമാതാവ്തന്നെക്കുറിച്ചു തപസ്സു ചെയ്തതിനുകാരണമനേ്വഷിച്ച ബ്രഹ്മാവിനോട് ദേവി ഗൗരവര്‍ണം ആവശ്യപ്പെട്ടു. ബ്രഹ്മാവിന്റെ അനുഗ്രഹംകൊണ്ട് ദേവിയുടെ ശരീരത്തിന്റെ കൃഷ്ണവര്‍ണ്ണമായ കോശം പാമ്പിന്‍ചട്ടപോലെ ഊരിവീണു. ദേവിയുടെ ശരീരം ഗൗരവര്‍ണ്ണമുള്ളതായി. ദേവന്മാരും ശ്രീപരമേശ്വരനും ദേവിയെ ഗൗരി എന്നു സ്തുതിച്ചു. അങ്ങനെ പുതിയ വര്‍ണ്ണം ലഭിച്ചതിനാല്‍ ദേവിക്ക് 'ലബ്ധവര്‍ണ്ണാ' എന്നു നാമം. അര്‍ത്ഥസംവഹനശേഷിയുള്ള ഉച്ചരിതശബ്ദങ്ങള്‍ക്കു വര്‍ണ്ണങ്ങള്‍ എന്നുപേരുണ്ട്. വര്‍ണ്ണങ്ങളില്‍ നിന്നാണ് അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും ഉണ്ടാകുന്നത്. ഭാഷാപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനഘടകങ്ങളായ വര്‍ണ്ണങ്ങളില്‍നിന്നുതന്നെയാണ് മന്ത്രങ്ങളും രൂപപ്പെട്ടത്. ലോകത്തിന്റെ നന്മയ്ക്കായി തപസ്സുചെയ്ത ഋഷിമാരുടെ മനസ്സില്‍ നിറങ്ങളായി തെളിഞ്ഞതിനാല്‍ മന്ത്രാക്ഷരങ്ങള്‍ക്കു വര്‍ണ്ണങ്ങള്‍ എന്നു പേരുണ്ടായി എന്നും വ്യാകരണശാസ്ത്രം ഉച്ചരിതശബ്ദങ്ങളുടെ പേരായി ഈ പദം മന്ത്രശാസ്ത്രത്തില്‍ നിന്നു സ്വീകരിച്ചതാണെന്നും അഭിജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. ശബ്ദബ്രഹ്മത്തിന്റെ അടിസ്ഥാനഘടകങ്ങളായ മന്ത്രവര്‍ണ്ണങ്ങള്‍ ദേവിയുടെ ഓരോ മൂര്‍ത്തികളുമായി ബന്ധപ്പെട്ട് മന്ത്രാക്ഷരങ്ങളും മന്ത്രബീജങ്ങളും മൂലമന്ത്രങ്ങളും മന്ത്രമാലകളും മന്ത്രഘടിത സ്‌തോത്രങ്ങളുമായി വികസിക്കുന്നു. മൂകാംബികാ ദേവിയെ ആരാധിക്കാനുപയോഗിക്കുന്ന പല മന്ത്രങ്ങളുണ്ട്. ദേവിയുടെ മൂലമന്ത്രം മുമ്പൊരു നാമത്തിന്റെ വ്യാഖ്യാനത്തില്‍ ചേര്‍ത്തിരുന്നത് ഓര്‍ക്കുക. മന്ത്രവര്‍ണ്ണവുമായി ഐക്യത്തില്‍ ചേര്‍ത്തിരുന്നത് ഓര്‍ക്കുക. മന്ത്രവര്‍ണ്ണവുമായി ഐക്യം പ്രാപിച്ചവളാകയാല്‍ 'ലബ്ധവര്‍ണ്ണാ' എന്നു നാമം. 97. ലബ്ധമായാ: മായയുള്ളവള്‍, മായാമയി. ദൃശ്യവും അദൃശ്യവുമായ വസ്തുക്കളും ശക്തികളും കൂടിക്കലര്‍ന്ന ഈ ലോകം യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്നും നാമോരുരുത്തരും യോഗമായാ പ്രവര്‍ത്തനം കൊണ്ടുണ്ടായ മായാമൂര്‍ത്തികളാണെന്നും പറയാം. ലോകപിതാക്കളായ ബ്രഹ്മാവിഷ്ണുമഹേശ്വരരെപ്പോലും മോഹിപ്പിക്കുന്നവളാകയാല്‍ ദേവിക്ക് ലബ്ധമായാ എന്ന നാമം യുക്തം. 98. ലലാടനയനോജ്ജ്വലാ: മൂകാംബികാദേവി ത്രിലോചനയാണ്. ചന്ദ്രക്കലപോലെ പ്രകാശമാനമായ തിരുനെറ്റിയില്‍ അണിഞ്ഞ തിലകക്കുറിപോലെ ദേവിയുടെ മൂന്നാം കണ്ണ് പ്രകാശിക്കുന്നു. ആ കണ്ണിന്റെ പ്രകാശം ദേവിയുടെ മുഖകാന്തിയെ കൂടുതല്‍ ഉജ്ജ്വലമാക്കുന്നു. 99. ഹ്രീംകാരരൂപാ: ഹ്രീംകാരം രൂപമായവള്‍. ദേവീപ്രണവം എന്നു പ്രസിദ്ധമാണ് ഹ്രീംകാരം. അത് സൃഷ്ടി സ്ഥിതി സംഹാരശക്തികളുടെ ഏകീഭൂതരൂപമാണ്. അത് ദേവിയുടെ മന്ത്രശരീരമാണ്. 100. ഹ്രീം മദ്ധ്യാ: ഹ്രീംകാരം ഉച്ചരിക്കുമ്പോള്‍ അതിന്റെ ഘടകങ്ങളായ ഹകാരം, രേഫം, ഈംകാരം എന്നിവയെതുടര്‍ന്നുണ്ടാകുന്ന നാദത്തിന്റെ കേന്ദ്രചൈതന്യമായി വര്‍ത്തിക്കുന്നവള്‍. 101. ഹ്രീംകാരാകാശഭാസ്‌കരീ: ഹ്രീം കാരത്തെ ആകാശമായും മൂകാംബികയെ ആ ആകാശത്തെ പ്രകാശിപ്പിക്കുന്ന സൂര്യ തേജസ്സായും അവതരിപ്പിക്കുന്ന അലങ്കാരപ്രയോഗം. ആകാശത്തില്‍ സൂര്യന്‍ പ്രകാശിക്കുന്നതുപോലെ ഹ്രീംകാരത്തില്‍ നാദമദ്ധ്യസ്ഥിതമായ ദേവീചൈതന്യം പ്രസരിക്കുന്നു. .... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.