ദേവസ്വം ഭൂമി കയ്യേറി എക്‌സൈസ് ഓഫീസ് പണിയാന്‍ നീക്കം

Saturday 3 January 2015 8:12 pm IST

ശാസ്താംകോട്ട: ശാസ്താംകോട്ട ശുദ്ധജലതടാകതീരത്ത് ദേവസ്വം ഭൂമിയില്‍ എക്‌സൈസ് ഓഫീസ് പണിയാനുള്ള നീക്കം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പോലീസ് സ്റ്റേഷന് സമീപം സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിന് പടിഞ്ഞാറ് തടാകതീരത്തുള്ള ദേവസ്വം ഭൂമിയിലാണ് കരാറുകാരന്‍ പണിക്കാരുമായി വന്ന് ഭൂമി നിരപ്പാക്കല്‍ ജോലി തുടങ്ങിയത്. സംഭവമറിഞ്ഞ് ശാസ്താംകോട്ട ക്ഷേത്രത്തിലെ സബ്ഗ്രൂപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ക്ഷേത്രം ജീവനക്കാരും ഭക്തജനസമിതി ഭാരവാഹികളുമെത്തി പണി തടഞ്ഞു. എന്നാല്‍ എക്‌സൈസ് ഓഫീസ് നിര്‍മ്മിക്കാന്‍ കരാറെടുത്ത പ്രകാരം റവന്യുഅധികൃതര്‍ നിര്‍ദ്ദേശിച്ചിടത്താണ് പണി തുടങ്ങുന്നതെന്ന് കരാറുകാരന്‍ പറയുന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പണി നടത്താതെ ജോലിക്കാരുമായി കരാറുകാരന്‍ മടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കുത്തക പാട്ടഭൂമിയിലാണ് അനധികൃത കയ്യേറ്റം നടത്തി എക്‌സൈസ് ഓഫീസിനായി നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയതെന്ന് സബ് ഗ്രൂപ്പ് ഓഫീസര്‍ കലാധരന്‍ അറിയിച്ചു. തടാകത്തിന്റെ വൃഷ്ടിപ്രദേശത്ത് മണ്ണിളക്കിയുള്ള യാതൊരു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്താനാവില്ലെന്ന നിയമം നിലനില്‍ക്കെ റവന്യൂ അധികൃതര്‍ തന്നെ നിയമവിരുദ്ധ കയ്യേറ്റവും നിര്‍മ്മാണപ്രവര്‍ത്തനവും നടത്തുന്നത് നീതീകരിക്കാനാവില്ലെന്ന് തടാകസംരക്ഷണസമിതി ആരോപിച്ചു. താലൂക്കാഫീസിന് സമീപം എക്‌സൈസ് ഓഫീസ് നിര്‍മ്മിക്കാന്‍ 25സെന്റ് സ്ഥലം മുമ്പുതന്നെ അനുവദിച്ചിരുന്നതായി കുന്നത്തൂര്‍ തഹസില്‍ദാര്‍ പറയുന്നു. എന്നാല്‍ തടാകതീരത്ത് ദേവസ്വം ഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. ക്ഷേത്രത്തിന് തെക്കുവശം തടാകതീരത്തുള്ള ദേവസ്വം ഭൂമിയില്‍ നടക്കുന്ന അനധികൃത കയ്യേറ്റവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അടുത്തിടെ വ്യാപകമായിട്ടുണ്ട്. പട്ടയം ലഭിച്ചതായും വിലയാധാരം വാങ്ങിയതായും രേഖയുണ്ടാക്കി അഭിഭാഷകരടക്കമുള്ള സ്വകാര്യവ്യക്തികള്‍ ഇതിനകം കെട്ടിടങ്ങള്‍ പണിതുയര്‍ത്തിക്കഴിഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തിന്റെ തീരത്ത് തടാകത്തിന് ദോഷം വരുന്ന തരത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം നടത്തിയതെന്നാണ് ശാസ്ത്രീയ വിലയിരുത്തല്‍. റവന്യൂ പോലീസ് അധികാരികളുടെ മൂക്കിനുതാഴെയാണ് ഈവിധ കയ്യേറ്റങ്ങളും നിര്‍മ്മാണപ്രവര്‍ത്തനവും നടത്തുന്നതെന്നതും ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം നടന്ന കയ്യേറ്റമടക്കം ക്ഷേത്രഭൂമിയില്‍ തടാകതീരത്ത് യാതൊരു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ അനുവദിക്കില്ലെന്ന് ശ്രീധര്‍മ്മശാസ്താ ഭക്തജനസമിതി പ്രസിഡന്റ് ദീപു, ജനറല്‍സെക്രട്ടറി മണികണ്ഠന്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.