വെട്ടിനിരത്തലില്‍ രാഘവനും വീണു

Saturday 3 January 2015 9:55 pm IST

ആലപ്പുഴ: ജില്ലാ സമ്മേളനത്തിലെ സുധാകര പക്ഷത്തിന്റെ തേരോട്ടത്തില്‍ സുധാകരനെതിരെ സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കിയ എ. രാഘവനും വീണു. ജില്ലാ സെക്രട്ടറിയേറ്റംഗം, ആലപ്പുഴ ഏരിയ സെക്രട്ടറി തുടങ്ങിയ ചുമതല വഹിച്ചിട്ടുള്ള രാഘവന് അറുപതു വര്‍ഷത്തിലേറെ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യമുണ്ട്. ആലപ്പുഴ ഏരിയ സമ്മേളനം സുധാകര പക്ഷം വെട്ടിനിരത്തല്‍ നടത്തി പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാഘവന്‍ സംസ്ഥാന കമ്മറ്റിക്കു പരാതി നല്‍കിയിരുന്നു. ജി. സുധാകരന്‍, ആര്‍. നാസര്‍, സജി ചെറിയാന്‍ എന്നിവരുടെ പേരെടുത്തു പറഞ്ഞാണു പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണു ജില്ലാ കമ്മറ്റിയില്‍ തമ്മിലടിക്കും ജില്ലാ സെക്രട്ടറിയുടെ രാജിഭീഷണിക്കും വരെ ഇടയാക്കിയത്. പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് രാഘവന്‍, ബാഹുലേയന്‍, അബ്ദുള്‍ ഷുക്കൂര്‍ എന്നിവരെ ജില്ലാ കമ്മറ്റിയില്‍ നിന്നൊഴിവാക്കിയത്. സുധാകരനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കിയതിനു എസ്എഫ്‌ഐക്കാരെ ക്രിമിനലുകള്‍ എന്നുവരെ സമ്മേളന പ്രതിനിധികള്‍ വിശേഷിപ്പിച്ചിരുന്നു. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ വിഎസ്-ഐസക് പക്ഷം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഏതൊക്കെ പ്രമുഖരുടെ തലകള്‍ ഉരുളുമെന്നു കാണേണ്ടിയിരിക്കുന്നു. നാമാവശേഷമായ വിഎസ് പക്ഷത്ത് നിന്നു കാര്യമായ ചെറുത്തുനില്‍പ്പുണ്ടാകാന്‍ സാദ്ധ്യതയില്ലെങ്കിലും ഔദ്യോഗിക പക്ഷത്തെ കടുത്ത ഭിന്നതയും വ്യക്തി വിരോധങ്ങളും കൂടുതല്‍ സംഘര്‍ഷത്തിലേക്കാണു സിപിഎമ്മിനെ നയിക്കുന്നത്. പതിവുപോലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ ബിജെപിക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും എതിരെ സംഘര്‍ഷം അഴിച്ചുവിടാന്‍ സിപിഎം തയാറാകുമോ എന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.