സമ്മേളനങ്ങള്‍ അവസാനിക്കുന്നതോടെ ഇടതുപാര്‍ട്ടികളുടെ അപചയം പൂര്‍ണമാകും

Saturday 3 January 2015 10:26 pm IST

തിരുവനന്തപുരം: ജില്ലാ സമ്മേളനങ്ങളില്‍ വിഭാഗീയത തലപൊക്കാതിരിക്കാന്‍ സിപിഐ-സിപിഎം നേതാക്കള്‍ കരുതലോടെ മുന്നോട്ടു പോകുമ്പോള്‍ എല്‍ഡിഎഫില്‍ വിള്ളല്‍. പ്രധാന പാര്‍ട്ടികളായ സിപിഐയും സിപിഎമ്മും തമ്മിലുള്ള ആശയ സംഘട്ടനങ്ങളിലൂടെയാണ് ഇടതുസഖ്യത്തില്‍ ശക്തമായ വിള്ളലുണ്ടായിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള സമരം ശക്തമാക്കുകയും മാണിക്കെതിരെയുള്ള സമരത്തില്‍ വെള്ളം ചേര്‍ക്കുകയും ചെയ്യുന്ന സിപിഎം നയത്തിനെതിരെ സിപിഐ ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു. നാളെ നടത്താനിരിക്കുന്ന ജനപ്രതിനിധികളുടെ സമരത്തില്‍ സിപിഐ പങ്കെടുക്കണമെങ്കില്‍ മാണിക്കെതിരെയുള്ള എല്‍ഡിഎഫിന്റെ സമരം ഏതു തരത്തിലുള്ളതായിരിക്കുമെന്നതിന് വ്യക്തതവേണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കഴിഞ്ഞ ദിവസം പത്രക്കുറിപ്പിറക്കി. മാണിക്കെതിരെയും സമരം ശക്തമാക്കുമെന്ന്. സര്‍ക്കാരിനെതിരെ നടത്തിയ രാപ്പകല്‍ സമരം അഡ്ജസ്റ്റ്‌മെന്റ് സമരമായിരുന്നുവെന്ന് ആദ്യംപറഞ്ഞത് സിപിഐയായിരുന്നു. സിപിഎം അന്നും സിപിഐ അടക്കമുള്ള ഘടകകക്ഷികളുമായി ആലോചിക്കാതെയാണ് സമരം നിര്‍ത്തിയത്. ജനങ്ങളെ വെറുപ്പിക്കുന്ന തരത്തില്‍ സമരം ആരംഭിക്കണമെന്ന് ഘടകകക്ഷികള്‍ ആലോചനാ വേളയില്‍ ഒരിടത്തും പറഞ്ഞിരുന്നില്ല. എന്നാല്‍, സിപിഎം ആണ് ഇത്തരം സമരം മുന്നോട്ടു വെച്ചത്. ഇത് മറ്റു ഘടകകക്ഷികള്‍ അംഗീകരിക്കുകയായിരുന്നു. ഇരുപാര്‍ട്ടികളിലേയും ഉള്‍പാര്‍ട്ടി വിഭാഗീയതയേക്കാള്‍ ഭീകരാവസ്ഥയിലാണ് എല്‍ഡിഎഫിലെ ചേരിതിരിവ്. സിപിഐയില്‍ പന്ന്യന്‍ രവീന്ദ്രനുശേഷം സംസ്ഥാന സെക്രട്ടറി ആരാകണമെന്നതാണ് പ്രശ്‌നം.പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ഇപ്പോഴും പാര്‍ട്ടിയില്‍ പുകയുന്നുണ്ട്. അത് ഏതുരീതിയില്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് അണികള്‍തന്നെ പറയുന്നു. സിപിഎമ്മില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ ചെറുതാണെങ്കിലും മര്‍മ്മഭാഗത്തു കൊള്ളുന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് ആക്രമണം ആരംഭിച്ചു കഴിഞ്ഞു. പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത വിഷയത്തിലാണ് ഏറ്റവും അവസാനമായി പാര്‍ട്ടി നേതൃത്വവും വിഎസ്സും തമ്മില്‍ ഏറ്റുമുട്ടിയത്. ജില്ലാ സമ്മേളനങ്ങളില്‍ വിഭാഗീയത ശക്തിപ്രാപിക്കാതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കുന്നുണ്ട്. ഇതിനുദാഹരണമാണ് ആലപ്പുഴ ജില്ലാ സമ്മേളനം നിയന്ത്രിക്കാന്‍ പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്തത്. ഇരുപാര്‍ട്ടികളിലേയും പ്രശ്‌നങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇരുപാര്‍ട്ടികളുടേയും ശരിക്കുള്ള ചിത്രം വ്യക്തമാകും. പ്രാദേശികവാദവും ജാതീയ വാദവും വ്യക്തി അധിഷ്ഠിതവാദവും എല്ലാം ജില്ലാസമ്മേളനങ്ങളില്‍ പ്രകടമാണ്. മറ്റുപാര്‍ട്ടികളെ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ ഇടതുപാര്‍ട്ടികള്‍ക്കുണ്ടാകുന്ന പുഴുക്കുത്തുകള്‍ മനപ്പൂര്‍വ്വം മറച്ചുവെയ്ക്കുകയാണ് ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.