മാവോയിസ്റ്റുകളെ കോടതിയില്‍ ഹാജരാക്കി കനത്ത ജാഗ്രത

Saturday 3 January 2015 11:45 pm IST

പാലക്കാട്: പാലക്കാട് നഗരത്തില്‍ വിദേശകുത്തക റസ്‌റ്റോറന്റുകളായ കെഎഫ്‌സി, മക്‌ഡോണാള്‍ഡ് എന്നിവ തകര്‍ത്ത സംഭവത്തില്‍ പിടിയിലായ മാവോയിസ്റ്റുകളെ പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ കോടതിയില്‍ ഹാജരാക്കി. കാസര്‍കോട് ചെറുവത്തൂര്‍ തിമിരി സ്വദേശി ശ്രീകാന്ത്(21), തൃക്കരിപ്പൂര്‍ തെക്കുംപാട് സ്വദേശി അരുണ്‍ ബാലന്‍ (21) എന്നിവരെയാണ് ശനിയാഴ്ച ഒറ്റപ്പാലം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ഇരുവരെയും തിങ്കളാഴ്ചവരെ വിയ്യൂര്‍ ജയിലിലേക്ക് അയച്ചു. 12 ദിവസംകൂടി കസ്റ്റഡിയില്‍ വിട്ടുതരണമെന്ന പൊലീസിന്റെ അപേക്ഷ തിങ്കളാഴ്ച പാലക്കാട് കോടതി പരിഗണിക്കും. നബിദിനത്തില്‍ കോടതികള്‍ അവധിയായതിനാലാണ് ഒറ്റപ്പാലം മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയത്. അതിനിടെ മാവോയിസ്റ്റ് ഭിഷണി നേരിടാന്‍ പോലീസ് കനത്ത ജാഗ്രതയില്‍. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആശങ്കയുയര്‍ന്ന സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ സമഗ്രമായ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നു. ഇത്തരം തൊഴിലാളികള്‍ക്കിടയില്‍ മാവോയിസ്റ്റ് ബന്ധമുള്ളവരും ഉണ്ടാകാമെന്ന സാധ്യതവച്ചാണു സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിവര ശേഖരണം ആരംഭിച്ചത്. തൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡും സ്വന്തം നാട്ടിലെ വിലാസവും അവിടേക്കു ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകളും ഏതു പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ താമസക്കാരാണെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരെ നിയോഗിച്ചിട്ടുള്ള തൊഴിലുടമകളില്‍ നിന്നാണു വിവര ശേഖരണം. വിലാസം ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ വിവരങ്ങളില്ലാതെ ഇത്തരം തൊഴിലാളികളെ പണിയെടുപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ തൊഴിലുടമകള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികളുണ്ടാകുമെന്നു വിവര ശേഖരണത്തോടൊപ്പം മുന്നറിയിപ്പു നല്‍കുന്നുമുണ്ട്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍ സുനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള 20അംഗ സംഘമാണ് പാലക്കാട് നഗരത്തിലെ ആക്രമണകേസ് അന്വേഷിക്കുന്നത്. അരുണ്‍ ബാലന് മൂന്ന് വര്‍ഷമായും ശ്രീകാന്തിന് ഒരു വര്‍ഷമായും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്ക് നിര്‍ദേശം നല്‍കുന്നത് സഖാവ് എന്ന് വിളിക്കുന്ന മലയാളിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇരുവരില്‍ നിന്നും കൂടുതല്‍ വിവരമൊന്നും ലഭിച്ചിട്ടില്ല. മറ്റ് ചില ആക്ഷനുകളില്‍ ഇവര്‍ ഉള്‍പ്പെട്ടതിനാല്‍ മുന്‍ പരിചയമുള്ള നേതാവ് ഫോണില്‍ ബന്ധപ്പെട്ടാണ് പാലക്കാട്ട് നടത്തുന്ന ആക്രമണത്തെക്കുറിച്ച് വിവരം നല്‍കിയത്. ടെലിഫോണ്‍ ബൂത്തുകളില്‍നിന്നാണ് ഇവരെ നേതാവ് വിളിച്ചിരുന്നത്. ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്നവരെ കുറിച്ച് അറിയില്ലെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. കൊച്ചിയിലെ നീറ്റ ജലാറ്റിന്‍ കമ്പനി ആക്രമിച്ച സംഭവത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.