മരട് നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണം അവതാളത്തില്‍

Sunday 4 January 2015 9:52 am IST

മരട്: മരട് നഗസഭ കൊട്ടിഘോഷിച്ചു കൊണ്ട് നടപ്പാക്കിയ പ്ലാസ്റ്റിക് മാലിന്യ ശേഖരണം അവതാളത്തിലായി. ഓരോ ഡിവിഷനിലും രണ്ടു കുടുംബശ്രീ പ്രവര്‍ത്തകരെയാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ ഇവര്‍ വീടുകളില്‍ വന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നഗസഭയുടെ കേന്ദ്രീകൃത പ്ലാസ്റ്റിക് മാലിന്യ ശേഖരണ സ്ഥലത്ത് എത്തിക്കണമായിരുന്നു. ഇങ്ങനെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുകൊണ്ടുപോകുന്നതിന് മാസം തോറും 30 രൂപ ഇവര്‍ക്ക് വീടുകളില്‍ നിന്നും നല്‍കണമായിരുന്നു. ഇങ്ങനെ നഗരസഭയുടെ കേന്ദ്രീകൃത പ്ലാസ്റ്റിക് മാലിന്യ ശേഖരണ സ്ഥലത്ത് എത്തുന്ന പ്ലാസ്റ്റിക് മാലിന്യം തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു ഏജന്‍സിയാണ് നഗരസഭയ്ക്ക് പണം നല്‍കി മരടില്‍ നിന്നും കൊണ്ടുപോയിരുന്നത്. പ്ലാസ്റ്റിക് സംസ്‌കരിച്ച് റോഡു നിര്‍മ്മാണത്തിന് ടാറിനൊപ്പം ഉപയോഗിക്കുന്നതിനാണ് ഈ ഏജന്‍സി മാലിന്യം ശേഖരിച്ച് കൊണ്ടുപോയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി ശേഖരിച്ചു വെച്ചിരിക്കുന്ന മാലിന്യം ഇവര്‍ വന്നു കൊണ്ടുപോകാതെയുമായി. ശേഖരിച്ച മാലിന്യങ്ങള്‍ നഗരസഭയുടെ മാലിന്യശേഖരണ സ്ഥലത്ത് കൂടിക്കിടക്കുകയാണ് ഇപ്പോള്‍. നഗരസഭയുടെ പല പ്രദേശങ്ങളിലും ഇങ്ങനെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത് കാണാം. എന്തു ചെയ്യണമെന്നറിയാതെ നഗരസഭ അധികാരികളും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.