നിലമ്പൂര്‍ പാട്ടുത്സവം; സാംസ്‌ക്കാരിക സദസ്സ് ഇന്ന്

Sunday 4 January 2015 6:42 pm IST

നിലമ്പൂര്‍: മലബാറിന്റെയും ആദിവാസി വിഭാഗങ്ങളുടെയും ഉത്സവമെന്ന് അറിയപ്പെടുന്ന നിലമ്പൂര്‍ പാട്ടുത്സവത്തില്‍ ഇന്ന് സാംസ്‌ക്കാരിക സദസ്സ് നടക്കും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിലമ്പൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലാണ് പാട്ടുത്സവം നടക്കുന്നത്. സാംസ്‌കാരിക സദസ്സില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി, ഗായിക വൈക്കം വിജയലക്ഷ്മി, ധര്‍മ്മാനന്ദ സ്വാമികള്‍, ചലച്ചിത്രതാരം കുമാരി പാര്‍വതി, കെ.ആര്‍.ഭാസ്‌ക്കരപിള്ള, ആര്‍.സുരേഷ് കുമാര്‍, രാംദാസ് മയ്യന്താനി, ജയചന്ദ്രന്‍ പുളിയങ്ങല്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് 8.30ന് കലാസന്ധ്യയും ഒന്‍പത് മണിക്ക് പൈങ്കുളം നാരായണ ചാക്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍ക്കൂത്തും അരങ്ങേറും. കാലങ്ങളായി ക്ഷേത്രത്തില്‍ നടന്നുവരുന്ന പാട്ടുത്സവത്തിന്റെ ചുവടുപറ്റി നിലമ്പൂര്‍ നഗരസഭ നിലമ്പൂര്‍ പാട്ട് എന്ന മറ്റൊരു പരിപാടിയുമായി ഏഴ് വര്‍ഷമായി രംഗത്തുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളായി നടന്നുവരുന്ന ആചാരസമ്പുഷ്ടമായ ഉത്സവം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ തനിമ നഷ്ടപ്പെടാതെയാണ് ആഘോഷിക്കുന്നത്. കാട്ടാളവേഷം പൂണ്ട് വേട്ടക്കിറങ്ങിയ ശ്രീപരമേശ്വന്റെ മകന്‍ വേട്ടക്കൊരുമകനി ലൂടെ സാക്ഷാല്‍ ശിവചൈതന്യം തന്നെയാണ് ഭക്തര്‍ ദര്‍ശിക്കുന്നത്. നിലമ്പൂര്‍ വേട്ടക്കൊരുക്ഷേത്രത്തിന്റെ മൂലസ്ഥാനം ഗൂഡല്ലൂര്‍ നമ്പാലക്കോട് പ്രദേശത്തെ വനവാസികളും ഗ്രാമീണരും ആരാധന നടത്തിയിരുന്ന ക്ഷേത്രമാണ്. ക്ഷേത്രത്തിലെ ഒരു പരമഭക്തനായ ഒരു കോവിലകം അംഗത്തിന് വാര്‍ദ്ധക്യത്തില്‍ ഗൂഡല്ലൂര്‍ എത്തി ദര്‍ശനം സാധിക്കാതെ വന്നപ്പോള്‍ ഭക്തന്റെ ആഗ്രഹപ്രകാരം ഭഗവാനെ നിലമ്പൂരില്‍ കൊണ്ടുവന്ന് കുടിയിരുത്തി എന്നാണ് ഐതിഹ്യം. സര്‍വ്വാണിസദ്യയടക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി കോവിലകത്തിന്റെ നേതൃത്വത്തില്‍ ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ്. വര്‍ഷത്തിലൊരിക്കല്‍ വനവിഭവങ്ങളും, പരമ്പരാഗത വാദ്യഘോഷങ്ങളുമായി പാട്ടും കളികളുമായി നിലമ്പൂര്‍ കാടുകളില്‍ നിന്ന് മലയിറങ്ങിവരുന്ന വനവാസി വിഭാഗങ്ങളുടെ ആഘോഷംകൂടിയാണ് നിലമ്പൂര്‍ പാട്ടുത്സവം. ഏഴിന് ഉത്സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.