ഡിവൈഎഫ്‌ഐ അക്രമം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Sunday 4 January 2015 8:42 pm IST

വൈക്കം: മറവന്‍തുരുത്ത്, ചെമ്മനാകരി, കൊടൂപ്പാടം മേഖലകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ ഡിവൈഎഫ്‌ഐ അക്രമം വ്യാപകം. കുലശേഖരമംഗലം മേഖലാ പ്രസിഡന്റ് അരുണ്‍ഭവനത്തില്‍ അനൂപിന്റെ നേതൃത്വത്തില്‍ ഇരുപതോളം വരുന്ന ക്രിമിനലുകളാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. രാത്രി വീടിനുള്ളിലേക്ക് മാരകായുധങ്ങളുമായി ഇരച്ചു കയറിയ ഡിവൈഎഫ്‌ഐ ക്രിമിനല്‍ സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ അനന്തുതിലകന്‍, സച്ചിന്‍ ദേവ്, വിഷ്ണു, അനൂപ് സോമന്‍, എന്നിവരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ബൈക്ക് പൂര്‍ണമായി തകര്‍ക്കുകയും അനന്തുതിലകന്റെ ഒന്നരപവന്റെ സ്വര്‍ണമാല ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൈക്കലാക്കുകയും ചെയ്തു. ആക്രമണത്തില്‍ മര്‍ദ്ദനമേറ്റ അനൂപിന്റെ പിതാവ് സോമന്‍, വിഷ്ണുവിന്റെ പിതാവ് മധുസൂദനന്‍ എന്നിവരെ അകാരണമായി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതേത്തുടര്‍ന്ന് സംഘപ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ഇവരെ മോചിപ്പിച്ചത്. വീടിനു മുറ്റത്തു നില്‍ക്കുകയായിരുന്ന ചാപ്രയില്‍ സനീഷിനെ തലയോലപ്പറമ്പ് എസ്‌ഐ രജന്‍കുമാറിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയും വൃഷണത്തില്‍ ലാത്തിയുപയോഗിച്ച് കുത്തുകയും ചെയ്തു. മര്‍ദ്ദനമേറ്റ സനീഷ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഇറക്കുകടവില്‍ ശരത്, കുളങ്ങര അച്ചു (നിധിന്‍), സന്ദു, രാമന്‍തറ വിനോദ്, ഇക്കാലിത്തറ അനൂപ് തുടങ്ങിയവരെയും അക്രമിസംഘത്തില്‍ ഉണ്ടായിരുന്നു. ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു വൈക്കം: ബിജെപി രാജ്യവ്യാപകമായി നടത്തുന്ന മെഗാ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ അട്ടിമറിക്കുകയെന്നതാണ് അക്രമത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. സിപിഎം ജില്ലാ, ഏരിയാ നേതാക്കള്‍ ആസൂത്രണം ചെയ്ത പദ്ധതിയാണ് ചെമ്മനാകരിയിലെ സംഘര്‍ഷമെന്നും അദ്ദേഹം പറഞ്ഞു. ചെമ്മനാകരിയില്‍ സിപിഎം അക്രമത്തിനിരയായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, പി.ജി. ബിജുകുമാര്‍, ആര്‍. സോമശേഖരന്‍, ടി.വി. മിത്രലാല്‍, സി.എസ്. നാരായണന്‍കുട്ടി, രൂപേഷ് ആര്‍. മേനോന്‍, മനോജ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് സന്ദര്‍ശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.