ആ സന്ദേശം ഇങ്ങനെ: ദൗത്യം കഴിഞ്ഞു, ഞങ്ങള്‍ തിരികെ പോരുന്നു

Tuesday 6 January 2015 10:04 am IST

ന്യൂദല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് 2014 ഡിസംബര്‍ 31-ന് ചോര്‍ന്നു കിട്ടിയ രഹസ്യ സന്ദേശമാണ് പാക്കിസ്ഥാന്‍ ഭീകര മിഷനെക്കുറിച്ചുള്ള ആദ്യ വിവരം. രഹസ്യവിവരങ്ങള്‍ സംബന്ധിച്ച് ഔദ്യോഗികമായി ഇനിയും പുറത്തുവിടാത്ത രഹസ്യങ്ങളില്‍ ചിലത് ഇങ്ങനെയാണ്. കാലത്ത് 8.30-ന് സന്ദേശം കിട്ടിയ വിവരം അനുസരിച്ച് സംശയകരമായി രണ്ടു ബോട്ടുകള്‍ കറാച്ചിയിലെ കേതി ബന്തറില്‍ നിന്നു ഭാരത സമുദ്രാതിര്‍ത്തിയിലേക്കു കടക്കുന്നുവെന്ന് മനസിലാക്കി. തുടര്‍ന്ന് ഭാരത തീരസംരക്ഷണ സേന ആളില്ലാ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ പരിശോധനാ സംവിധാനങ്ങള്‍ ഘടിപ്പിച്ച ചെറു വിമാനം സജ്ജമാക്കി നിരീക്ഷണത്തിനയച്ചു. ഒപ്പം തീരസംരക്ഷണ സേനയുടെ ഐസിജിഎസ് രാജ്‌രത്‌നം എന്ന പട്രോളിംഗ് കപ്പലും ആ ഭാഗത്തേക്കു വഴിതിരിച്ചു വിട്ടു. ഉച്ചയോടെ ഒരു ഫിഷിങ് ബോട്ടു കണ്ടെത്തി. രണ്ടാമത്തേതിനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. പിന്നീട് വൈകാതെ ലക്ഷ്യം കണ്ടെത്തിയശേഷം, ഐസിജിഎസ് രാജരത്‌നം പാക് ഫിഷിങ് ബോട്ടിനു മുന്നറിയിപ്പു സൂചന നല്‍കിക്കൊണ്ട് വെടിയുതിര്‍ത്തു. സമുദ്രാതിര്‍ത്തിയില്‍ കടക്കുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് അങ്ങനെയാണ്. പക്ഷേ, വിലക്കു സൂചനകള്‍ ലംഘിച്ച് ഫിഷിങ് ബോട്ടു നീങ്ങുകയായിരുന്നു. സമുദ്രാതിര്‍ത്തി കടക്കുമ്പോള്‍ മുന്നറിയിപ്പു ലഭിച്ചാല്‍ ബോട്ടു നിര്‍ത്തി, സൂചന നല്‍കിയവര്‍ക്ക് പരിശോധനയ്ക്ക് അവസരം നല്‍കുകയും സ്വന്തം നിലപാടു വിശദീകരിക്കുകയും ചെയ്യണമെന്നാണ് ചട്ടം. ഇത്തരം വേളകളില്‍ അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതാണെങ്കില്‍ തക്ക വിശദീകരണം കൊടുത്താല്‍ മതിയാകും. സാങ്കേതിക തകരാറുകൊണ്ടോ മറ്റോ സഹായംതേടി വന്നതാണെങ്കില്‍ ആ വിവരം അറിയിച്ചാല്‍ തുടര്‍ നടപടിയുണ്ടാകും. എന്നാല്‍ ഈ ഫിഷിങ്‌ബോട്ട് മുന്നറിയിപ്പിനെത്തുടര്‍ന്ന് രക്ഷപ്പെട്ടു തിരികെ പോകാന്‍ ശ്രമിക്കുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ പിന്തുടരുകയും പിടിയിലാകുകയും ചെയ്യുമെന്നു വന്നപ്പോള്‍ വന്‍സ്‌ഫോടനത്തില്‍ ബോട്ടുതകരുകയായിരുന്നു. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തുനിന്ന് 365 കിലോമീറ്റര്‍ ദൂരെയാണ് ബോട്ട് അതിലെ യാത്രക്കാര്‍ തന്നെ തകര്‍ത്തത്. രണ്ടാമത്തെ ബോട്ടു കണ്ടെത്തിയില്ലെങ്കിലും അതില്‍നിന്നുള്ള രഹസ്യ സന്ദേശങ്ങള്‍ ഭാരത തീരസേനയുടെ സാങ്കേതിക സംവിധാനത്തില്‍ രേഖപ്പെടുത്തപ്പെട്ടു. അതെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ഇങ്ങനെ: ''ആദ്യത്തെ ബോട്ട് കടലില്‍ മുങ്ങുമ്പോള്‍ കിട്ടിയ മറ്റൊരു സന്ദേശം ഇതായിരുന്നു. രണ്ടാമത്തെ ബോട്ടില്‍നിന്നുള്ള ആ സന്ദേശം കൈമാറിയ വിവരം 'നിര്‍ദ്ദിഷ്ട ദൗത്യം കഴിഞ്ഞ് ഞങ്ങള്‍ തിരികെ പോരുകയാണ്' എന്നായിരുന്നു. അതായത് അവര്‍ നടുക്കടലില്‍ എവിടെയോ ആയുധക്കോപ്പുകള്‍ കൈമാറിയിരിക്കണം,'' ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. സ്‌ഫോടനത്തോടെ കത്തിത്തകര്‍ന്ന ബോട്ടിനെ എന്തുകൊണ്ട് മീന്‍പിടുത്ത ബോട്ടായി കരുതിക്കൂടായിരുന്നുവെന്നും ഇതിനുമുമ്പ് ഫിഷിങ് ബോട്ടുകള്‍ക്കു നേരേ വെടിവെച്ച സംഭവുമുണ്ടോ എന്നും മറ്റും വിമര്‍ശിക്കുന്നവര്‍ക്ക് തീര സംരക്ഷണ സേന നല്‍കുന്ന മറുപടി ഇതാണ്. ''ഈ ബോട്ട് മര്യാദകള്‍ ലംഘിക്കുകയായിരുന്നു. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചു. ബോട്ടിലെ ലൈറ്റുകളെല്ലാം കെടുത്തി അതിവേഗം തിരികെ രക്ഷപ്പെടുകയായിരുന്നു. പാക്കിസ്ഥാനി ഫിഷിങ് ബോട്ടുകള്‍ സാധാരണ ഇങ്ങനെ പെരുമാറാറില്ല. ഇത്തരം സംശയം ഉന്നയിക്കുന്നവര്‍ ഒന്നാലോചിക്കുന്നുണ്ടോ. സുരക്ഷാ നോട്ടത്തില്‍ പെടാതെ അവര്‍ ലക്ഷ്യം സാധിച്ചിരുന്നുവെങ്കില്‍ എന്തു പറയുമായിരുന്നു.'' ''തീരസംരക്ഷണ സേന പതിവായി പാക്കിസ്ഥാനി ബോട്ടുകള്‍ രഹസ്യ നിരീക്ഷണത്തിനു വിധേയമാക്കാറുണ്ട്. അപ്പോഴൊന്നും വെടിവെക്കേണ്ടിവരികയോ ആളെ കൊല്ലേണ്ടിവരികയോ വന്നിട്ടില്ല. ഈ ബോട്ട് തികച്ചും വ്യത്യസ്തമായാണ് പെരുമാറിയത്. ആ ബോട്ടില്‍ മീന്‍പിടുത്ത വലയുണ്ടായിരുന്നില്ല. അതിലെ നാലുപേരും മീന്‍പിടുത്ത വേഷം ധരിച്ചിരുന്നില്ല. ആ ബോട്ടില്‍ പിടിക്കുന്ന മീന്‍ സൂക്ഷിക്കാനുള്ള സംവിധാനവുമില്ലായിരുന്നു,'' സേന പറയുന്നു. സാധാരണ പാക്കിസ്ഥാന്‍ മീന്‍പിടുത്ത ബോട്ടുകള്‍ സമുദ്രത്തിലെ സര്‍ ക്രീക്കു മേഖലയിലാണ് വരിക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.