ഒരാള്‍ കുറെ വസ്തുവും കൊട്ടാരംപോലുള്ള വീടും വാടകയ്ക്ക് എടുത്തിട്ട് അവിടുത്തെ രാജാവായി അഭിമാനിച്ചു കഴിഞ്ഞു. ഒരു സാധു അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ ഞാന്‍ രാജാവാണെന്ന ഭാവത്തില്‍ വളരെ അഹങ്കാരത്തില്‍ പെരുമാറി. ആ സാധു ചോദിച്ചു, ”നീ നിന്റെ മനസ്സാക്ഷിയോടു ചോദിക്കൂ വാസ്തവമെന്താണെന്ന്”. എല്ലാം വാടകയ്ക്കെടുത്തതാണ്. സ്വന്തമായി യാതൊന്നുമില്ല. എന്നാല്‍ ഭാവമോ എല്ലാം തന്റെ സ്വന്തമാണെന്നും. ഇതുപോലെയാണ് ഇന്നുള്ള മിക്കവരും. അനേകം പുസ്തകങ്ങള്‍ വായിച്ചിട്ട് കടപ്പുറത്തിരുന്നു കാക്ക കരയുന്നതുപോലെ കരഞ്ഞുകൊണ്ടിരിക്കുന്നതല്ലാതെ ജീവിതവുമായി അതിനു യാതൊരു സാമ്യവും കാണാനില്ല. ശാസ്ത്രം അല്പമെങ്കിലും മനസ്സിലാക്കിയവര്‍ തന്നെ സമീപിക്കുന്നവര്‍ക്ക് ഉയരാനുള്ള മാര്‍ഗ്ഗം ഉപദേശിക്കുക മാത്രമേ ചെയ്യുകയുള്ളൂ. തര്‍ക്കിച്ചു സമയം കളയില്ല. ഓരോ വ്യക്തിക്കും,അതിന്റെ സംസ്കാരം അനുസരിച്ചുള്ള മാര്‍ഗ്ഗമാണാവശ്യം. അതിനാലാണു ഹിന്ദുമതത്തില്‍ അനേകം മാര്‍ഗങ്ങള്‍ വന്നത്. ഓരോരുത്തരെയും അവരവരുടെ തലത്തില്‍ ചെന്ന് ഉദ്ധരിച്ചുകൊണ്ടുവരുവാനുള്ള വഴികളാണവ. അദ്വൈതം കാണാതെ പഠിക്കുവാനുള്ളതല്ല, ജീവിക്കുവാനുള്ളതാണ്. എങ്കിലേ അതനുഭവമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: