ലോക്കപ്പില്ലാത്ത സ്റ്റേഷന്‍ വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Monday 5 January 2015 8:02 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്കപ്പില്ലാതെ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. ലോക്കപ്പില്ലാത്തിനാല്‍ പ്രതികളെ തൂണുകളിലും മറ്റും കെട്ടിയിടാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. മൂഴിയാര്‍, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ അപര്യാപ്തതകള്‍ ചൂണ്ടികാണിച്ച് പൊതുപ്രവര്‍ത്തകനായ എന്‍.കെ. ബാലന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കമ്മീഷന്‍ ആഭ്യന്തരവകുപ്പിന്റെ വിശദീകരണം തേടിയിരുന്നു. പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുകള്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. രണ്ട് സ്റ്റേഷനുകളും പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. മൂഴിയാര്‍ സ്റ്റേഷന്‍ 1994 മുതല്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് വിശദീകരിച്ചു. പോലീസുകാര്‍ക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും സ്ഥലമില്ല. കെട്ടിടം ചോര്‍ന്നൊലിക്കുന്നു. പോലീസിന്റെ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ തടസ്സപ്പെടുന്നതു കാരണം സ്റ്റേഷന്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. മൂഴിയാര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ സീതത്തോടില്‍ 28 സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് താലൂക്ക് ഓഫീസ് കെട്ടിടത്തിലാണ്. കെട്ടിടം ചോര്‍ന്നൊലിക്കുന്ന നിലയിലാണെന്ന് സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. ആവശ്യാനുസരണം ഫര്‍ണിച്ചറുകള്‍ ഇല്ലാത്തതിനാല്‍ ഉദേ്യാഗസ്ഥര്‍ക്ക് ഇരിക്കാനാവുന്നില്ല. പകരം സ്ഥലം കണ്ടെത്താന്‍ റവന്യൂ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. അടിയന്തിര നടപടി സ്വീകരിക്കാന്‍ ജസ്റ്റിസ് ജെ.ബി. കോശി റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. വിഷയം മുഖ്യമന്ത്രിയുടെയും ആഭ്യന്തര വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരും. ആഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറിക്കും ഉത്തരവിന്റെ പകര്‍പ്പ് അയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.