ദേശീയ കാര്‍ഷിക, പുഷ്പഫല പ്രദര്‍ശന മേഖലക്ക് ഒരുക്കങ്ങളായി

Monday 5 January 2015 8:26 pm IST

കല്‍പ്പറ്റ :കേരളകാര്‍ഷികസര്‍വകലാശാല അമ്പല വയല്‍മേഖലാഗവേഷണകേന്ദ്രത്തില്‍ നടത്തുന്ന ദേശീയകാര്‍ഷികമേളയുടേയും പുഷ്പഫല പ്രദര്‍ശനത്തിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 20 മുതല്‍ ഫെബ്രുവരി രണ്ടുവരെ നടക്കുന്ന മേളയില്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയുടെ ഇരുന്നൂറിലധികം സ്റ്റാളുകള്‍ ഉണ്ടാകും. കൂടാതെ രണ്ടേക്കറിലധികംവരുന്ന ഗ്ലാഡിയോലസ് ഉദ്യാനം, മൂന്നേക്കറിലധികം വ്യാപിച്ചു കിടക്കുന്ന അഞ്ഞൂറിലധികം ഡാലിയാ ഇനങ്ങളുടെതോട്ടം, നൂറിലധികം വര്‍ണ വൈവിധ്യമുള്ള ജെര്‍ബേറ ഉദ്യാനം, സണ്‍ ഗാര്‍ഡന്‍, മൂണ്‍ ഗാര്‍ഡന്‍ തുടങ്ങിയ ആകര്‍ഷണങ്ങളോടെ പത്തേക്കറിലധികം വലുപ്പമുള്ള പുഷ്‌പോദ്യാനവും തയ്യാറായിക്കഴിഞ്ഞു. അമ്പലവയല്‍ കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത അലങ്കാര മത്തന്‍, ഓര്‍ക്കിഡുകള്‍, റോസുകള്‍ എന്നിവയ്ക്കു പുറമെ കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വിത്തു നടീല്‍വസ്തുക്കളും ജൈവ, ജീവാണുവളം, ജൈവകീട നാശിനികള്‍ തുടങ്ങിയവയും വിവിധ കാര്‍ഷിക സാങ്കേതിക വിദ്യകളും പ്രദര്‍ശനത്തിനെത്തും. സംസ്ഥാന കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍, കോഫി ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, കോക്കനട്ട് ഡവലപ്‌മെന്റ് ബോര്‍ഡ്, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, വി.എഫ്.പി.സി.കെ തുടങ്ങിയവയുടെ സ്റ്റാളുകളും പ്രദര്‍ശന നഗരിയിലുണ്ടാവും. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മേളയാണ് അമ്പലവയലില്‍ നടക്കുകയെന്ന് മേളയുടെ ജനറല്‍ കണ്‍വീനറും ഗവേഷണകേന്ദ്രം മേധാവിയുമായ ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.