ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു; ഓഹരിവിപണിയില്‍ കനത്ത തിരിച്ചടി

Tuesday 6 January 2015 10:37 am IST

മുംബൈ: അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു. ബാരലിന് 50 ഡോളറില്‍ താഴെയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇത് ആദ്യമായാണ് ക്രൂഡ് ഓയില്‍ വില ഇത്രയധികം താഴുന്നത്. ഏപ്രില്‍ 2009നു ശേഷം ഇത് ആദ്യമായാണ് ക്രൂഡ് ഓയില്‍ വില 50 ഡോളറിനു താഴെയെത്തുന്നത്. 53 ഡോളറാണ് ബ്രെന്റ് ക്രൂഡിന്‍െറ വില. കഴിഞ്ഞ ദിവസം ആറ് ശതമാനമാണ് യു.എസ് ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവുണ്ടായത്. അമേരിക്കയില്‍ ഓയില്‍ ഉത്പാദനം വര്‍ധിച്ചതാണ് വില കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഷേല്‍ ശിലകളില്‍ നിന്നുള്ള എണ്ണ ഉത്പാദനമാണ് അമേരിക്കയില്‍ വര്‍ധിച്ചത്. എണ്ണയുത്പാദനം വെട്ടിക്കുറക്കേണ്ട എന്ന ഒപെകിന്റെ തീരുമാനവും വിലക്കുറവിന് കാരണമായിട്ടുണ്ട്. അതേസമയം, അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞെങ്കിലും രാജ്യത്ത് ഡീസല്‍‍, പെട്രോള്‍ വിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. വില്പന നികുതി കൂട്ടിയതിനാല്‍ പല സംസ്ഥാനങ്ങളിലും അതിന്റെ ഫലം അനുഭവിക്കാന്‍ ജനങ്ങള്‍ക്കാവുന്നില്ല. എണ്ണവിലയിലെ തകര്‍ച്ച ഭാരതത്തിലെ വിപണികളിലും തിരിച്ചടി നല്‍കിയിട്ടുണ്ട്. ബിഎസ്ഇ സെന്‍സെക്‌സ് ചൊവ്വാഴ്ച രാവിലെ 500 പോയിന്റ് നഷ്ടത്തില്‍ 27,330 എത്തി. ദേശീയ സൂചികയായ നിഫ്റ്റി 142.30 പോയിന്റ് താഴ്ന്ന് 8,236.10ലാണ് വ്യാപാരം തുടരുന്നത്. മറ്റ് ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.