വ്യത്യസ്ത അപകടങ്ങളില്‍ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

Tuesday 6 January 2015 3:59 pm IST

ചെങ്ങന്നൂര്‍: നഗരത്തില്‍ നടന്ന രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ വിദ്യാര്‍ത്ഥിനിയടക്കം രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയം സ്വകാര്യ കോളേജിലെ ആനിമേഷന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനി കണ്ണൂര്‍ പരിക്കുളം തകിടിയില്‍ വീട്ടില്‍ ആര്യ (19), ഇത്തിത്താനം തോട്ടയ്ക്കാട്ടുപറമ്പില്‍ അനീഷ് (34), ചേര്‍ത്തല പള്ളിക്കല്‍ തയ്യില്‍ വീട്ടില്‍ ജിത്തു (24) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് എഞ്ചിനീയറിങ് കോളേജ് ജംഗ്ഷന് സമീപമായിരുന്നു ആദ്യ അപകടം. സുഹൃത്ത് അഖില രാജനൊപ്പം ആര്യ കാല്‍നടയായി പാണ്ടവന്‍പാറയിലുളള ബന്ധുവീട്ടിലേക്ക് പോകുമ്പോള്‍ തിരുവല്ല ഭാഗത്തേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആര്യയെ മുളക്കുഴയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ കെഎസ്ആര്‍ടിസി  ബസ് സ്റ്റാന്റിന് സമീപമായിരുന്നു രണ്ടാമത്തെ അപകടം. പന്തളത്തുനിന്നും ചെങ്ങന്നൂരിലേക്ക് വന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് സ്റ്റാന്റിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ ഇതേദിശയിലെത്തിയ അനീഷ് ഓടിച്ചിരുന്ന ബൈക്കില്‍ തട്ടുകയും ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ വീണ ഇയാളുടെ വലതുകാലിന്റെ പാദത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു. അനീഷിനൊപ്പം ബൈക്കിലുണ്ടായിരുന്ന ജിത്തുവിനും പരിക്കേറ്റു. ഇരുവരെയും ചെങ്ങന്നൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അനീഷിന്റെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.