ഭാരതത്തിന്റെ വീരപുത്രി റാണി ഗൈഡിന്‍ലിയു

Tuesday 6 January 2015 4:55 pm IST

ബ്രിട്ടിഷ് ആധിപത്യത്തിനെതിരെ ആഞ്ഞടിച്ച സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീര ഇതിഹാസമായ ഝാന്‍സി റാണി ലക്ഷ്മി ഭായിയെപ്പോലെ തന്നെ തന്റെ ജീവിതം പിറന്ന നാടിന്റെ രക്ഷക്ക് വേണ്ടി ഉഴിഞ്ഞുവെച്ച റാണി ഗൈഡിന്‍ലിയുവിന്റെ ജന്മശതാബ്ദിയാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. ഭാരത സ്വാതന്ത്ര്യ സമരത്തിന്റെ തീക്ഷ്ണതയിലേക്ക് വെറും പതിമൂന്നാം വയസില്‍ എടുത്തുചാടി ഏറെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച ധീരദേശാഭിമാനികൂടിയാണ് റാണി ഗൈഡിന്‍ലിയു. മൂന്നു വര്‍ഷത്തിന്‌ശേഷം പതിനഞ്ച് വര്‍ഷത്തോളം ഇരുമ്പഴിക്കുള്ളില്‍ കിടക്കേണ്ടി വന്ന നാഗാലാന്റിന്റെ റാണിയെന്ന് വിശേഷിപ്പിക്കുന്ന റാണിമായുടെ സംഭാവനകളെ ഭാരത സ്വാതന്ത്ര്യത്തിന്റെ ചരിത്രം രേഖപ്പെടുത്തിയവര്‍ വേണ്ടരീതിയില്‍ പ്രതിഫലിപ്പിക്കുന്നതില്‍ ബോധപൂര്‍വ്വം വിഴ്ച വരുത്തിയോ എന്ന സംശയം ഉയരുന്നതില്‍ അതിശയോക്തി ഉണ്ടെന്ന് തോന്നുന്നില്ല. അത്രയ്ക്ക് വിലപ്പെട്ടതാണ് ഈ വീരറാണിയുടെ സംഭവനകള്‍. സ്വാതന്ത്ര്യത്തിനും, ധര്‍മ്മസംരക്ഷണത്തിനും, ഗോത്രവര്‍ഗ്ഗ ഉന്നമനത്തിനും ജീവിതം ഉഴിഞ്ഞുവെച്ച റാണിമാ ഗൈഡിന്‍ലിയുവാണ് നാഗാലാന്റിലെ ഹര്‍ക്ക പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ചത്. 1915 ജനുവരി 26നാണ് റാണി മാ നാഗാലാന്റില്‍ ജനിച്ചത്. പതിമൂന്ന് വയസ്സുമുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം തുടങ്ങി, നാഗന്മാരുടെ ഉന്നമനത്തിനുവേണ്ടി ഹര്‍ബോ സമ്പ്രദായവും, ആസാമിലെ കളരാര്‍ ജില്ലയിലുള്ള ഭുവന്‍ ഗുഹയിലേക്കുള്ള തീര്‍ത്ഥാടനവും ആരംഭിച്ചു. നാഗാലാന്റിലെ വനമേഖല ബ്രിട്ടീഷുകാരുടെ അധീനതയില്‍നിന്ന് മോചിപ്പിക്കുന്നതുവരെ വനസത്യഗ്രഹവും വനയാത്രയും നിരന്തരം സംഘടിപ്പിച്ച് അവര്‍ നല്‍കിയ പോരാട്ടവീര്യം ഏറെ ശ്രദ്ധേയമായിരുന്നു. 1932 ഒക്‌ടോബര്‍ 18നാണ് റാണി മാ ഗൈഡിന്‍ലിയുവിനെ അറസ്റ്റ് ചെയ്യുന്നത്. 1932ല്‍ 17-ാം വയസ്സില്‍ സ്വാതന്ത്ര്യസമര സേനാനി ഹേപാവു ജാദേനാഥില്‍ നിന്നും നേതൃത്വം ഏറ്റെടുത്തു ജയിലില്‍ കിടന്ന റാണി മാ ഗൈദിന്‍ ല്യൂവിന്റെ നെഹ്രു ജയിലില്‍ സന്ദര്‍ശിച്ച ശേഷം നാഗന്മാരുടെ റാണി എന്നായിരുന്നു വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം ജയില്‍ മോചിതയായെങ്കിലും സ്വന്തം ജില്ലയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.1960 മുതല്‍ 1966വരെ മിഷനറിമാരുടെ നേതൃത്വത്തില്‍ നടന്ന വ്യാപകമതപരിവര്‍ത്തനത്തിനെതിരെ സായുധസമരം തന്നെ സംഘടിപ്പിച്ചുകൊണ്ട് അവര്‍ നടത്തിയ പ്രവര്‍ത്തനം ദേശിയതലത്തില്‍ത്തന്നെ ശ്രദ്ധ നേടി. 1972ല്‍ സര്‍ക്കാര്‍ താമ്രപത്രവും 1982ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു. 1996ല്‍ റാണിയുടെ മുദ്രയുള്ള നാണയവും പിന്നിട് തപാല്‍ സ്റ്റാമ്പും പുറത്തിറക്കിയിരുന്നു.1969 ജോര്‍ഹാട്ടില്‍ ഹിന്ദു സമ്മേളനത്തിനിടെ ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന പൂജനീയ ഗുരുജിയെ സന്ദര്‍ശിച്ചു. ഈ സമയം ഗുരുജി നല്‍കിയ ശ്രീകൃഷ്ണവിഗ്രഹം റാണി മാ അന്ത്യംവരെ ആരാധനക്കുപയോഗിച്ചു. തന്റെ ജിവിതത്തിലെ ഏറെ നിര്‍ണ്ണായകമായ സന്ദര്‍ഭമായിരുന്നു അതെന്ന് പിന്നിട് അവര്‍ പറഞ്ഞിരുന്നു. 1979ല്‍ കുംഭമേളയിലും 1985 വനവാസി കല്യാണാശ്രമം സംഘടിപ്പിച്ച വനിതാ സമ്മേളനത്തിലും പങ്കെടുത്ത റാണി മാ ഏവരിലും ആവേശം വിതറി. സ്വാതന്ത്ര്യസമരസേനാനികളുടെ അവാര്‍ഡ്, പത്മഭൂഷണ്‍ , വിവേകാനന്ദസേവാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ റാണി മായെ തേടിയെത്തി. 1993 ഫെബ്രുവരി 17 ന് 78-ാംവയസ്സില്‍ ലോകത്തോട് ആ ധീരവനിത വിട പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.