കൊല്ലം: റേഷന്‍കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷാഫോം 17 വരെ റേഷന്‍കടകളില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈഓഫീസര്‍ അറിയിച്ചു. ഫോമിനൊപ്പം ഇത് പൂരിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ലഭ്യമാണ്.
ഫോട്ടോ എടുക്കുന്നതിനായി അടുത്തയാഴ്ച്ച ആരംഭിക്കുന്ന ക്യാമ്പുകളിലാണ് പൂരിപ്പിച്ച അപേക്ഷാഫോം തിരിച്ചേല്‍പ്പിക്കേണ്ടത്.
കുടുംബത്തിലെ മുതിര്‍ന്ന വനിതാംഗത്തിന്റെ പേരിലാണ് കാര്‍ഡ് അനുവദിക്കുന്നത്. വനിതാ അംഗങ്ങള്‍ ഇല്ലെങ്കില്‍ പുരുഷന്റെ പേരില്‍ കാര്‍ഡ് അനുവദിക്കും. 2009ലെ ബിപിഎല്‍ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടും എപിഎല്‍ കാര്‍ഡ് കൈവശമുള്ളവര്‍ അപേക്ഷയില്‍ മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തുന്നതിനുള്ള ഭാഗം കൃത്യമായി പൂരിപ്പിച്ച് നല്‍കണം. ഇപ്പോള്‍ എപിഎല്‍ കാര്‍ഡുകള്‍ കൈവശമുള്ളവര്‍ പുതിയ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അപേക്ഷയില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പൂരിപ്പിച്ച് നല്‍കണം.
റേഷന്‍കാര്‍ഡ് പുതുക്കല്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. അതുകൊണ്ട് കാര്‍ഡുകളില്‍ പേരുകള്‍ മാറ്റി ചേര്‍ക്കുവാനോ പുതിയകാര്‍ഡ് തയ്യാറാക്കുവാനോ കഴിയില്ല. മേല്‍വിലാസം മാറിയത് ചേര്‍ക്കുന്നതിന് അപേക്ഷയോടെപ്പം റസിഡന്റ്സ് സര്‍ട്ടിഫിക്കറ്റും കുട്ടികളുടെ പേരുകള്‍ ചേര്‍ക്കുന്നതിന് ജനനസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളും നല്‍കണം. റേഷന്‍കാര്‍ഡ് സറണ്ടര്‍ ചെയ്തവര്‍ സറണ്ടര്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം റസിഡന്റ്സ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പുതിയകാര്ഡിന് അപേക്ഷിക്കണം. വരുമാനം കുറവായി രേഖപ്പെടുത്തുന്നതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും, മരിച്ച അംഗങ്ങളുടെ പേര് ഒഴിവാക്കാന്‍ മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഹാജരാക്കണം.
ഫോട്ടോക്യാമ്പില് വരുമ്പോള്‍ പൂരിപ്പിച്ച ഫോറത്തിനൊപ്പം നിലവിലുള്ള റേഷന്‍കാര്‍ഡും ഫോട്ടോ പതിച്ച മറ്റേതെങ്കിലുമൊരു തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കണം. കാര്‍ഡ് കളഞ്ഞുപോയവര്‍ പുതുക്കുന്നതിനുള്ള അപേക്ഷയോടൊപ്പം ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള അപേക്ഷകൂടി നല്‍കണം.റേഷന്‍കടകളില്‍ നിന്നും ലഭിക്കുന്ന അപേക്ഷഫോം പൂരിപ്പിക്കുമ്പോള്‍ തെറ്റുകയോ ഫോം കളഞ്ഞുപോവുകയോ ചെയ്താല്‍ പകരം ഫോം ലഭിക്കില്ല. ഫോമിന്റെ ഫോട്ടോകോപ്പി ഉപയോഗിക്കാന്‍ പാടില്ല. സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് മാത്രമേ റേഷന്‍കാര്‍ഡ് അനുവദിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: