കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍: ഡിവൈഎസ്പിമാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

Wednesday 7 January 2015 9:22 pm IST

ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ തുടക്കത്തില്‍ അന്വേഷണം നടത്തിയ ഡിവൈഎസ്പിയെയും സിഐയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസന്വേഷണത്തിന്റെ ആരംഭഘട്ടത്തില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. 2013 ഒക്‌ടോബര്‍ 31ന് പുലര്‍ച്ചെയാണ് കൃഷ്ണപിള്ള സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്തത്. അന്ന് ചേര്‍ത്തല ഡിവൈഎസ്പിയായിരുന്ന കെ.ജി. ലാല്‍കുമാര്‍, മാരാരിക്കുളം സിഐയായിരുന്ന സുബാഷ് എന്നിവരില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്. സുബാഷ് ഇപ്പോള്‍ ആലപ്പുഴയില്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയില്‍ ഡിവൈഎസ്പിയാണ്. 2013 ജൂണില്‍ സോളാര്‍ സമരവുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ പോലീസ്‌സ്റ്റേഷന്‍ അക്രമം, ഒക്‌ടോബര്‍ 31ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്ന കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍, കായിപ്പുറത്തെ ഇന്ദിരഗാന്ധി സ്തൂപം തകര്‍ക്കല്‍ തുടങ്ങി മൂന്നു സംഭവങ്ങളുടെയും സൂത്രധാരന്‍മാര്‍ ഒരേ ആള്‍ക്കാര്‍ തന്നെയാണെന്നും, ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തപ്പെട്ടുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലെന്നാണ് അറിയുന്നത്. സോളാര്‍ സമരത്തിന്റെ പേരില്‍ മാരാരിക്കുളം പോലീസ് സ്‌റ്റേഷനില്‍ സിപിഎം അക്രമം അഴിച്ചുവിടുകയും സ്‌റ്റേഷന്‍ വളപ്പിനുള്ളില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലെ പ്രതികളായ ലതീഷ് ബി.ചന്ദ്രനും പി. സാബുവും ഈ അക്രമത്തിലും പ്രതികളാണ്. എന്നാല്‍ പോലീസ് ഒത്തുകളിച്ച് ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലും തയാറായില്ല. സംഭവശേഷം മറ്റു പ്രതികളുടെ ജാമ്യക്കാര്യത്തിനും മറ്റുമായി ഇവര്‍ പോലീസ് ഉദ്യോഗസ്ഥരെ നിരന്തരം ബന്ധപ്പെടുകയും സ്‌റ്റേഷനില്‍പോലും എത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കൃഷ്ണപിള്ള കേസിലെ ഒരു പ്രതിയാണ് സ്‌റ്റേഷനുള്ളില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്. എന്നാല്‍ ഇയാളെ പ്രതിപ്പട്ടികയില്‍ പോലും പോലീസ് ഉള്‍പ്പെടുത്തിയില്ല. ഇന്ദിരഗാന്ധി സ്തൂപം അടിച്ചുതകര്‍ത്ത കേസില്‍ സിപിഎമ്മുകാര്‍ മൂന്നുപേരെ പ്രതികളെന്ന പേരില്‍ മാരാരിക്കുളം സ്‌റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. സ്‌റ്റേറ്റ്‌മെന്റ് പോലും എടുക്കാതെ ധൃതഗതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്തു. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലും ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളുമായി ഒത്തുകളിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പിമാരെ ചോദ്യം ചെയ്തതെന്നറിയുന്നു. മാരാരിക്കുളം പോലീസ് സ്‌റ്റേഷന്‍ അക്രമണക്കേസ് പുനരന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെടാന്‍ സാദ്ധ്യതയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.