മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ ഏപ്രില്‍ 20 മുതല്‍ 23വരെ

Wednesday 7 January 2015 10:33 pm IST

തിരുവനന്തപുരം: 2015-16 ലെ കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ ഏപ്രില്‍ 20 മുതല്‍ 23വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. 20,21 തിയ്യതികളില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെയും 22, 23 തിയ്യതികളില്‍ മെഡിക്കല്‍ വിഭാഗത്തിലെയും പരീക്ഷകളുമായിരിക്കും നടക്കുക. എല്ലാ ദിവസവും രാവിലെ പത്തുമുതല്‍ 12.30 വരെയായിരിക്കും പരീക്ഷ. 20ന് എഞ്ചിനീയറിങിലെ പേപ്പര്‍ ഒന്ന് ഫിസിക്‌സ് ആന്റ് കെമിസ്ട്രിയും 21ന് പേപ്പര്‍ രണ്ട് മാത്തമാറ്റിക്‌സ് പരീക്ഷയും നടക്കും. 22ന് മെഡിക്കലിലെ പേപ്പര്‍ ഒന്ന് കെമിസ്ട്രി ആന്റ് ഫിസിക്‌സും 23ന് പേപ്പര്‍ രണ്ട് ബയോളജി പരീക്ഷയും നടക്കും. കേരളത്തിലെ മുന്നൂറോളം കേന്ദ്രങ്ങളിലും ദല്‍ഹി, ദുബൈ, മുംബൈ എന്നിവിടങ്ങളിലുമായിരിക്കും മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകള്‍ നടക്കുക. മെഡിക്കല്‍ പരീക്ഷയുടെ ഫലം മെയ് 20ന് മുമ്പായും എഞ്ചിനീയറിങ്ങിന്റെ സ്‌കോര്‍ ജൂണ്‍ 25നു മുമ്പും പ്രസിദ്ധീകരിക്കും. ഈമാസം 10 മുതല്‍ ഫെബ്രുവരി മൂന്നുവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. പരീക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും ഫെബ്രുവരി നാലിനു മുമ്പായി പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഓഫിസിലെത്തിക്കണം. അപേക്ഷാസമര്‍പ്പണത്തിനാവശ്യമായ സെക്യൂരിറ്റി കാര്‍ഡുകളും പ്രോസ്‌പെക്ടസുകളും കേരളത്തിനകത്തും പുറത്തുമുള്ള 169 തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫിസുകള്‍വഴി ഈമാസം ഒമ്പതുമുതല്‍ വിതരണം ചെയ്യും. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗത്തിന് ആയിരം രൂപയും എസ്‌സി/എസ്ടി വിഭാഗത്തിന് 500 രൂപയുമാണ്. വാര്‍ഷിക കുടുംബവരുമാനം 40,000 രൂപയില്‍ കവിയാത്ത വരുമാനമുള്ള പട്ടികവര്‍ഗവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പട്ടികവര്‍ഗവികസന ഓഫിസുകള്‍വഴി സൗജന്യമായി സെക്യൂരിറ്റി കാര്‍ഡും പ്രോസ്‌പെക്ടസും വിതരണം ചെയ്യും. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ സ്‌കൂളുകളിലും അക്ഷയ കേന്ദ്രങ്ങളിലും സിറ്റിസണ്‍ കോള്‍സെന്ററിലും ആവശ്യമായ പരിശീലനം നല്‍കും. ഈവര്‍ഷത്തെ പ്രവേശന പരീക്ഷയ്ക്ക് 1.5 ലക്ഷം അപേക്ഷകളാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. പ്രൊഫഷനല്‍ കോഴ്‌സ് പ്രവേശനത്തിന് ധീവരയും അവാന്തര വിഭാഗങ്ങള്‍ക്കും വിശ്വകര്‍മയും അവാന്തര വിഭാഗങ്ങള്‍ക്കും രണ്ടുശതമാനവും കുശവനും അനുബന്ധ സമുദായങ്ങള്‍ക്കും ഒരുശതമാനവും പ്രത്യേക സംവരണം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മറ്റ് പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ക്കുണ്ടായിരുന്ന അഞ്ചുശതമാനം സംവരണം മൂന്നായികുറച്ചു. കൂടാതെ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തേക്കൂടി ഉള്‍പ്പെടുത്തി ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന്റെ രണ്ടുശതമാനം സംവരണം മൂന്നായി ഉയര്‍ത്തി. ഇത്തരത്തില്‍ എസ്ഇബിസി വിഭാഗത്തിന് ലഭ്യമായിരുന്ന 26 ശതമാനം സംവരണം 30 ശതമാനമാക്കിയിട്ടുണ്ട്. ഇതിന് പുറമേ അനുബന്ധ പട്ടികയില്‍ ഉള്‍പ്പെട്ട 30 സമുദായങ്ങള്‍ക്ക് കുടുംബവാര്‍ഷിക വരുമാനപരിധി ആറുലക്ഷം രൂപയെന്ന നിബന്ധനയ്ക്ക് വിധേയമായി ഒഇസി വിഭാഗക്കാര്‍ക്ക് ലഭ്യമായ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.