ഐ.എം.എഫിന് ആദ്യ വനിതാ മേധാവി

Wednesday 29 June 2011 11:03 am IST

ഫ്രാന്‍സ്‌: ഐ.എം.എഫിന്റെ പുതിയ മേധാവിയായി ക്രിസ്റ്റിന്‍ ലഗാര്‍ഡിയെ തിരഞ്ഞെടുത്തു. ഐ.എം.എഫിന്റെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവിയാണ്‌ ഫ്രഞ്ചുകാരിയായ ക്രിസ്റ്റിന്‍ ലഗാര്‍ഡി. ലൈംഗിക അപവാദത്തിന്‌ ഇരയായി രാജിവയ്ക്കേണ്ടിവന്ന മുന്‍ ഐ.എം.എഫ്‌ മേധാവി ഡൊമിനിക്‌ സ്‌ട്രാസ്‌ കാന്റെ ഒഴിവിലേക്കാണ്‌ ലഗാര്‍ഡി തെരഞ്ഞെടുക്കപ്പെട്ടത്‌.  ഗവണ്‍മെന്റ്‌ നയങ്ങള്‍ക്കെതിരെ ഗ്രീസില്‍ ദിവസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ പ്രതിസന്ധി സൃഷ്‌ടിച്ച അടിയന്തര സാഹചര്യത്തിലാണ്‌ ഇന്നലെ വൈകിട്ട്‌ ക്രിസ്റ്റിന്‍ തെരഞ്ഞെടുക്കുകയായിരുന്നു. 24 അംഗ ഐഎംഎഫ് ബോര്‍ഡാണ് ലഗാര്‍ഡിനെ തെരഞ്ഞെടുത്തത്. ജൂലൈ അഞ്ചിനു സ്ഥാനമേറ്റെടുക്കും. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. മെക്സിക്കോ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഓസ്റ്റിന്‍ കാഴ്സ്റ്റന്‍സാണ് ക്രിസ്റ്റീന്‍ ലഗാര്‍ഡിനോടു മത്സരിച്ചത്. ഇരുസ്ഥാനാര്‍ഥികളും തുല്യ യോഗ്യത ഉള്ളവരായിരുന്നുവെങ്കിലും ലഗാര്‍ഡെയ്ക്കായിരുന്നു കൂടുതല്‍ പിന്തുണയെന്ന് ഐ.എം.എഫ് ബോര്‍ഡ് അറിയിച്ചു. അമേരിക്കയും ചൈനയും റഷ്യയും ലഗാര്‍ഡിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 17 ശതമാനം വോട്ടുള്ള അമേരിക്ക ആരെ പിന്തുണയ്ക്കുമെന്ന് അവസാന നിമിഷം വരെ പ്രഖ്യാപിച്ചിരുന്നില്ല. ബോര്‍ഡ് യോഗം തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് അവര്‍ ലഗാര്‍ഡിനെ തുണച്ചു രംഗത്തെത്തിയത്. ലോക ബാങ്ക് ചീഫ് സ്ഥാനവും ഐ.എം.എഫില്‍ രണ്ടാം സ്ഥാനവും അമേരിക്കന്‍ കുത്തകയാണ്. യുഎസ്- യൂറോപ്യന്‍ കുത്തക അവസാനിപ്പിക്കുമെന്നു വികസ്വര രാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും അതിന്  വേണ്ടത്ര പിന്തുണ കിട്ടില്ലെന്നു തോന്നിയതോടെ പ്രമുഖര്‍ പലരും പിന്മാറിയിരുന്നു. ഐഎംഎഫ് മുന്‍ ഒഷീഷ്യല്‍ എന്ന നിലയില്‍ പരിചയ സമ്പത്തുള്ള കാഴ്സ്റ്റന്‍സ് വീറോടെ പ്രചാരണത്തിനിറങ്ങിയിരുന്നു.