മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ കുടുംബക്കാര്‍ ബിജെപിയില്‍

Thursday 8 January 2015 12:24 pm IST

കെ.ആര്‍ നാരായണന്‍

ഉഴവൂര്‍: മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ കുടുംബക്കാര്‍ സിപി‌എം വിട്ട് ബിജെപിയില്‍ ചേരുന്നു. ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തില്‍ എട്ട് കുടുംബങ്ങളില്‍ നിന്ന് മുപ്പതോളം പേര്‍ ബിജെപിയില്‍ അംഗത്വം എടുക്കും. കെ.ആര്‍ നാരായണന്റെ സ്മൃതിമന്ദിരത്തോട് സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അനാസ്ഥയാണ് പാര്‍ട്ടി മാറുന്നതിന് കോച്ചേരി കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചത്.

വൈകിട്ട് അഞ്ചിന് ഉഴവൂര്‍ ടൗണില്‍ ചേരുന്ന സമ്മേളനത്തില്‍ ബിജെപി സംസ്ഥാന ഉപദ്ധ്യാക്ഷന്‍ പി.എന്‍ വേലായുധന്‍ ഇവര്‍ക്ക് അംഗത്വം നല്‍കും. കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. കെ.ആര്‍നാരായണന്റെ കുടുംബത്തില്‍ അദ്ദേഹത്തിന്റെ പിതൃസഹോദരന്റെ മക്കള്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളു. ഇവരടക്കമുള്ള കോച്ചേരി കുടുംബങ്ങളാണ് ബിജെപിയില്‍ ചേരുന്നത്.

കെ.ആര്‍. നാരായണന്റെ പിതൃസഹോദരന്‍ അയ്യപ്പന്‍ മാസ്റ്ററുടെ മകള്‍ സീതാലക്ഷ്മിയുടെ പെരുവന്താനം ജംഗ്ഷന് സമീപത്തെ കോച്ചേരിലെ വീട്ടുവളപ്പിലാണ് സ്മൃതിമണ്ഡപം. സ്ഥിതി ചെയ്യുന്നത്. ഇവിടെ കെ.ആര്‍ നാരായണന്റെ ചിതാഭസ്മവും സൂക്ഷിച്ചിട്ടുണ്ട്.

2005 നവബര്‍ ഒമ്പതിനാണ് കെ.ആര്‍ നാരായണന്‍ അന്തരിച്ചത്. 14ന് ചിതാഭസ്മം നാട്ടിലെത്തിച്ചു. ചിതാഭസ്മം അദ്ദേഹം അവസാനകാലഘട്ടത്തില്‍ ജീവിച്ചിരുന്ന വീട് ഏറ്റെടുത്ത ശാന്തിഗിരി ആശ്രമത്തോടനുബന്ധിച്ച് സൂക്ഷിക്കുമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും മൂത്ത മകള്‍ ചിത്രയുടെ നിര്‍ദേശ പ്രകാരം കുടുംബ വീടിനോട് ചേര്‍ന്ന് പിതൃസഹോദരി പുത്രിയുടെ വീടിന് സമീപം കുടുംബശ്മശാനത്തില്‍ ഒരു രാത്രി കൊണ്ട് സ്മൃതിമണ്ഡപം നിര്‍മിച്ച് ചിതാഭസ്മം സൂക്ഷിക്കുകയായിരുന്നു.

സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.എം മാണി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സ്മൃതിമണ്ഡപം നാടിന് സമര്‍പ്പിച്ചത്. ഇതിന് ശേഷം പിണറായി വിജയനടക്കമുള്ള പ്രമുഖര്‍ ഇവിടെ സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി മടങ്ങിയതല്ലാതെ മണ്ഡപം സംരക്ഷിക്കുന്നതിനാവശ്യമായ യാതൊരു നടപടിയും സ്വീകരിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.