പ്രവാസികള്‍ക്ക് അവസരങ്ങള്‍ തയ്യാര്‍: മോദി

Thursday 8 January 2015 10:40 pm IST

മഹാത്മാഗാന്ധി ദക്ഷിണഫ്രിക്കയില്‍നിന്ന് പ്രവാസം അവസാനിപ്പിച്ച് ഭാരതത്തില്‍ തിരികെയെത്തിയതിന്റെ നൂറാം വാര്‍ഷികദിന സ്മരണാര്‍ത്ഥം ഇറക്കിയ പ്രത്യേക സ്റ്റാമ്പ് ഗുജറാത്തില്‍ നടക്കുന്ന പതിമൂന്നാമത് പ്രവാസി ഭാരതീയ ദിവസിന്റെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു

ഗാന്ധിനഗര്‍: അവസരങ്ങള്‍ നിറഞ്ഞ ഭാരതത്തിലേക്ക് മടങ്ങിവന്ന് സംരംഭകത്വത്തിലൂടെ രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസി ഭാരതീയരെ ആഹ്വാനം ചെയ്തു.  ഏഴു മാസത്തിനിടെ നേരില്‍കണ്ട 50 രാജ്യത്തലവന്മാര്‍ ഭാരതവുമായി വിവിധ സംരംഭങ്ങളില്‍ പങ്കാളിയാകാന്‍ സന്നദ്ധത അറിയിച്ചുവെന്നു വെളിപ്പെടുത്തിയ മോദി ലോകരാജ്യങ്ങള്‍ പ്രതീക്ഷയോടെയാണ് ഭാരതത്തെ ഉറ്റുനോക്കുന്നതെന്നും പറഞ്ഞു. പതിമൂന്നാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ നിങ്ങളെ സ്വാഗതംചെയ്യുന്നു. അതിവേഗം കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഒട്ടേറെ അവസരങ്ങള്‍ നിങ്ങള്‍ക്കായി ഭാരതത്തില്‍ ഒരുങ്ങിക്കഴിഞ്ഞു. ലോകം മുഴുവന്‍ ഭാരതത്തെ പ്രതീക്ഷയോടെ വിശ്വാസപൂര്‍വം വീക്ഷിക്കുന്നു. മുന്‍പ് അവസരങ്ങള്‍ തേടി അന്യരാജ്യങ്ങളില്‍ പോയവരാണ് നിങ്ങള്‍. ഇന്ന് ഭാരതം നിങ്ങള്‍ക്കായി അവസരമൊരുക്കി കാത്തിരിക്കുന്നു. പ്രവാസി ഭാരതീയരും ഭാരതത്തില്‍ ജനിച്ച വിദേശീയരും ഇങ്ങോട്ടു വരണമെന്ന് മോദി ക്ഷണിച്ചു.
രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രവാസികളുള്‍പ്പെടെ എല്ലാ ഭാരതീയനും ഉത്തരവാദിത്തമുണ്ട്.

മഹാത്മാ ഗാന്ധിയുടെ സന്ദേശങ്ങളും ചിന്തകളും തിരികെ കൊണ്ടുവരണം. ഇക്കാലത്തെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിനും പരിഹരിക്കുന്നതിനും അത് അത്യാവശ്യമാണ്. ഗംഗാ ശുചീകരണത്തിന് പ്രവാസികളുടെ പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നു. വിസാ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തിയതും ആനുകൂല്യങ്ങള്‍ പരമാവധി പേര്‍ക്ക് ലഭിക്കുംവിധം പിഐഒ (പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍), ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) കാര്‍ഡുകള്‍ ലയിപ്പിച്ചതും പ്രശ്‌നങ്ങള്‍ മനസിലാക്കിയാണ്, അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെ കൂടാതെ 10 കേന്ദ്ര മന്ത്രിസഭാംഗങ്ങള്‍ മൂന്നുദിവസത്തെ മേളയില്‍ പങ്കെടുക്കുന്നുണ്ട്. മോദി സര്‍ക്കാരിന്റെ നയപരിപാടികള്‍ പ്രവാസികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റി, ഗംഗാ ശുചീകരണം എന്നീ പദ്ധതികള്‍ക്കും തൊഴില്‍ നൈപുണ്യ വികസനത്തിനുമാണ് ഊന്നല്‍ നല്‍കുന്നത്. അതത് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാര്‍ നേരിട്ടെത്തി പദ്ധതികള്‍ വിശദീകരിക്കുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ച് മേഖലയിലെ ആറ് അംബാസിഡര്‍മാര്‍ സമ്മേളനത്തിനെത്തിയിട്ടുണ്ട്. വിമാനനിരക്കിലെ പ്രശ്‌നങ്ങള്‍, തൊഴില്‍ത്തട്ടിപ്പുകള്‍, അകാരണമായ ജയില്‍ശിക്ഷകള്‍, നാട്ടിലെ നിക്ഷേപ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും.

ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നടക്കുന്ന സമ്മേളത്തില്‍ 58 രാജ്യങ്ങളിലെ 4000 പ്രവാസി ഭാരതീയരാണ് പങ്കെടുക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യമന്ത്രി മെയ്റ്റ് നികോണ മഷാബേന്‍ മുഖ്യാതിഥി. ഗയാന പ്രസിഡന്റ് ഡൊണാള്‍ഡ് റാമോത്തര്‍, ഭാരത പ്രവാസികാര്യ മന്ത്രി സുഷമ സ്വരാജ്, ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ചു.

ഇന്നു രാവിലെ നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ 10 പേര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ എം. എ. യൂസഫലിയും സി. കെ. മേനോനും പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.