മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനം: പ്രോസ്‌പെക്ടസ് പുറത്തിറക്കി

Thursday 8 January 2015 6:51 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന നടപടികള്‍ സമഗ്രമായി പൊളിച്ചെഴുതി 2015-16ലെ പ്രോസ്‌പെക്ടസ് പുറത്തിറക്കി. സെക്രട്ടേറിയറ്റ് പിആര്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ സമന്ത്രി പി.കെ. അബ്്ദുര്‍റബ്ബ് പ്രോസ്‌പെക്ടസ് പ്രകാശനം ചെയ്തു. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകളില്‍ യോഗ്യത നേടുന്നതിന് കുറഞ്ഞത് പത്തുമാര്‍ക്ക് നേടിയിരിക്കണമെന്ന സുപ്രധാന നിബന്ധനയാണ് ഒഴിവാക്കപ്പെടുന്നത്. പ്രവേശന പരീക്ഷകളില്‍ യോഗ്യത നേടുന്നതിന് അതത് പ്രവേശന പരീക്ഷകളുടെ രണ്ടു പേപ്പറുകളും എഴുതി ഓരോ പേപ്പറിലും കുറഞ്ഞത് ഒരു ചോദ്യത്തിനെങ്കിലും ഉത്തരം രേഖപ്പെടുത്തിയിരിക്കണം. പുതിയ വ്യവസ്ഥപ്രകാരം യോഗ്യതാ പരീക്ഷയില്‍ നിശ്ചിതമാര്‍ക്ക് നേടിയവര്‍ക്ക് പ്രവേശന പരീക്ഷയില്‍ പൂജ്യമോ അതില്‍ത്താഴെ നെഗറ്റീവ് മാര്‍ക്ക് ലഭിച്ചാലും റാങ്ക് പട്ടികയില്‍ ഇടംകിട്ടും. എന്നാല്‍, മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ രണ്ടു പേപ്പറുകളിലുമായി കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് (എസ്ഇബിസി/എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക് 40 ശതമാനം മാര്‍ക്ക്) നേടിയവരെ മാത്രമേ എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി പരിഗണിക്കുകയുള്ളൂ. ശാരീരികവൈകല്യമുള്ളവരുടെ വിഭാഗത്തില്‍പ്പെടുന്നവര്‍ എംബിബിഎസ് കോഴ്‌സിലേക്ക് പരിഗണിക്കപ്പെടാന്‍ കുറഞ്ഞത് 45 ശതമാനം മാര്‍ക്കും ബി.ഡി.എസ് കോഴ്‌സുകള്‍ക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്കും നേടിയിരിക്കണമെന്നാണ് പ്രോസ്‌പെക്ടസിലെ വ്യവസ്ഥ. സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശനം ഉദാരമാക്കുന്നതിനായി യോഗ്യതാപരീക്ഷയില്‍ മാര്‍ക്കിളവ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് കണക്കിന് മാത്രമായി 45 ശതമാനവും കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 45 ശതമാനം മാര്‍ക്ക് നേടിയാല്‍ മതിയാവും. അതേസമയം, സര്‍ക്കാര്‍ സീറ്റിലെ പ്രവേശന യോഗ്യതയില്‍ മാറ്റമില്ല. നിയന്ത്രണത്തിലുള്ള എന്‍ജിനീയറിങ് കോളജുകളിലെ പ്രവേശനത്തിന് പ്ലസ്ടു തത്തുല്യ പരീക്ഷയില്‍ കണക്കിന് മാത്രമായി 50 ശതമാനം മാര്‍ക്കും കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും നേടണം. എസ്ഇബിസി, പിഡി വിഭാഗങ്ങള്‍ക്ക് അഞ്ചുശതമാനം മാര്‍ക്കിളവുണ്ടാവും. എസ്‌സി/എസ്ടി വിഭാഗക്കാര്‍ യോഗ്യതാപരീക്ഷ ജയിച്ചാല്‍ മതിയാവും. എംബിബിഎസ്/ബിഡിഎസ് ഉള്‍പ്പടെയുള്ള മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.