കേരള ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന്

Thursday 8 January 2015 9:13 pm IST

കൊച്ചി: വധശിക്ഷ നടപ്പാക്കുമ്പോള്‍ തടവുകാരന്റെ കൈകള്‍ പിന്നിലാക്കിയും കാലുകള്‍ തമ്മിലും ബന്ധിക്കണമെന്ന കേരള സര്‍ക്കാര്‍ ചട്ടം 371 ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി. ഇത് മനുഷ്യത്വത്തോടുള്ള ക്രൂരതയാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും കേരള സര്‍ക്കാരിന് ഇത്തരത്തിലുള്ള ഒരു ചട്ടം നിര്‍മ്മിക്കാന്‍ അധികാരമില്ലെന്നും കാണിച്ചാണ് ഹര്‍ജി. തൂക്കിലേറ്റപ്പെടുന്ന വ്യക്തിയുടെ കഴുത്തില്‍ കുരുക്കിടാനേ ഭാരത ശിക്ഷാ നിയമം 302 ഉം ക്രിമിനല്‍ നടപടി ചട്ടം 354 ഉം നിഷ്‌കര്‍ഷിക്കുന്നുള്ളു. ഇതിന് വിപരീതമായി തടവുകാരന്റെ കൈകള്‍ പുറകോട്ട് ബന്ധിക്കുമ്പോള്‍ ജീവിതത്തിന്റെ അവസാന നിമിഷം, ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം കൈകള്‍ ആകാശത്തേക്ക് വിരിച്ച് കൈവിരലുകള്‍ വിടര്‍ത്തി തന്റെ ദൈവത്തിലേക്ക് സമര്‍പ്പിക്കുവാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ചീഫ് സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. ഹൈക്കോടതി അഭിഭാഷകന്‍ ബേസില്‍ അട്ടിപ്പേറ്റി കൊടുത്ത ഹര്‍ജി ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍ പരിഗണിച്ച് സര്‍ക്കാരിന്റെ വിശദീകരണം തേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.