പാരീസില്‍ വീണ്ടും വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

Friday 9 January 2015 3:32 pm IST

പാരിസ്: പാരീസില്‍ വീണ്ടും വെടിവയ്പ്പ്. കഴിഞ്ഞ ദിവസം ഫ്രഞ്ച് വാരിക ഷാര്‍ളി എബ്ദോയുടെ ഓഫീസില്‍ ഭീകരാക്രമണം നടത്തിയവര്‍ക്കായുള്ള തെരച്ചില്‍ നടുക്കുന്നതിനിടെയാണ് ഇന്നു വീണ്ടും വെടിവയ്പ്പുണ്ടായത്. ഒരാള്‍ മരിച്ചു. വെടിവയ്പ്പില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. അക്രമികള്‍ ഒരു കാര്‍ തട്ടിയെടുത്തു കടന്നുകളയുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. നാല്‍പത്തിയെട്ട് മണിക്കൂറിനിടയില്‍ പാരിസിലുണ്ടാകുന്ന മൂന്നാമത്തെ വെടിവയ്പ്പാണിത്. സഹോദരങ്ങളായ അക്രമികള്‍ ഷെരീഫും സെയ്ദും വനത്തിലേക്ക് കടന്നുവെന്ന നിഗമനത്തില്‍ ഈ മേഖലയില്‍ തെരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് അക്രമികള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇവര്‍ സാധാരണക്കാരെ ബന്ധികളാക്കിയതായും സൂചനയുണ്ട്. പാരിസില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെലികോപ്റ്ററുകളും അര്‍ദ്ധ സൈനിക വിഭാഗവും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. ഫ്രഞ്ച് വാരികയുടെ ഓഫീസില്‍ ആക്രമണം നടത്തി 12 പേരെ വധിച്ച സഹോദരന്മാരായ ഷെരിഫ് ക്വാച്ചി (32), സെയ്ദ് ക്വാച്ചി (34) എന്നിവര്‍ വനത്തിലുണ്ടെന്നാണ് വിവരം. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന പതിനെട്ടുകാരന്‍ ഹമീദ് മൊറാദ് കീഴടങ്ങിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.