പ്രവാസി ഭാരതീയ ദിവസ് ;കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒരു ദിനം വേണം: മുഖ്യമന്ത്രി

Friday 9 January 2015 10:10 pm IST

ഗാന്ധിനഗര്‍: അടുത്ത പ്രവാസി ഭാരതീയ ദിവസ് മുതല്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമായി ഒരു ദിവസം മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പ്രവാസി ഭാരതീയ ദിവസിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊത്തം പ്രവാസികളില്‍ 75 ശതമാനവും സാധാരണക്കാരാണ്. എന്നാല്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസില്‍ അവരെ പ്രതിനിധീകരിക്കാന്‍ ആരുംതന്നെ ഇല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകം അവസരങ്ങള്‍ക്കായി ഭാരതത്തെ നോക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസംഗത്തിലെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു.  അതേസമയം, ഉയര്‍ന്നുവരുന്ന ലോകശക്തിയായി ഭാരതം മാറിയത് ജവഹര്‍ലാല്‍ നെഹ്‌റു കൊണ്ടുവന്ന ആസൂത്രിത വികസന അജന്‍ഡയുടെ സഹായത്താലാണ്. രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ സഫലീകരിക്കാനായി സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഉള്‍ക്കൊണ്ട് ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ധരെയും പോലുള്ള  വിജ്ഞാനാധിഷ്ഠിത മേഖലകളിലുള്ളവരും സാമൂഹിക സേവന രംഗത്തുള്ള നഴ്‌സുമാര്‍, അധ്യാപകര്‍ എന്നിവരും നിര്‍മാണത്തൊഴിലാളികളും ചേര്‍ന്ന തൊഴില്‍ സേനയാണ് സംസ്ഥാനത്തിന്റെ ഏറ്റവും മികച്ച കയറ്റുമതി. പ്രതിവര്‍ഷം 60,000 കോടി രൂപയാണ് അവര്‍ കേരളത്തിലെ ബാങ്കുകളിലേക്ക് അയയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റിന്റെ മൂന്ന് മടങ്ങാണ് ഇത്. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളിലെ നിതാഖത്ത് പോലുള്ള തൊഴില്‍ ദേശസാത്കരണം മൂലം നാട്ടിലേയ്ക്ക് മടങ്ങാന്‍ പലരും നിര്‍ബന്ധിതരാകുന്നു. ഇവരുടെ തൊഴില്‍ നൈപുണ്യം ഉപയോഗപ്പെടുത്താനുള്ള പുനരധിവാസ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.  ഈ പദ്ധതി ശരിയായി നടപ്പാക്കാനാവശ്യമായ സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.