തിരുവനന്തപുരത്ത് നിറുത്തിയിട്ട ട്രെയിനിന് തീപിടിച്ചു

Saturday 10 January 2015 7:00 pm IST

തിരുവനന്തപുരം: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗിക്ക് തീപിടിച്ചു. ബോഗി പൂര്‍ണമായി കത്തിനശിച്ചു. ആളപായമില്ല. തിരുവനന്തപുരം-ഗുവഹാത്തി എക്‌സ്പ്രസിന്റെ ലഗേജ് ബോഗിക്കാണ് ഇന്നലെ ഉച്ചക്ക് 1.30ഓടെ തീപിടിച്ചത്. ഉടന്‍ തന്നെ രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സും പോലീസുമെത്തി ഒരു മണിക്കൂറോളം പ്രയത്‌നിച്ച് തീയണച്ചു. റെയില്‍വേ പോലീസാണ് തീപടരുന്നത് ആദ്യം കണ്ടത്. ഉടന്‍ തന്നെ മറ്റ് ബോഗികള്‍ ഇതില്‍ നിന്നും വേര്‍പെടുത്തി. ഇന്ന് ഉച്ചക്ക് 12.05ന് ഗുവഹാത്തിയിലേക്ക് പുറപ്പെടേണ്ട ട്രെയിനിന്റെ ബോഗിയിലാണ് തീപിടിച്ചത്. ലഗേജ് ബോഗിയായിരുന്നതിനാല്‍ മുകളില്‍ സൂക്ഷിച്ചിരുന്ന ലെഗേജുകളും സീറ്റും പൂര്‍ണമായി കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും മെക്കാനിക്കല്‍ വിഭാഗവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ റയില്‍വേ ലൈനുമായി ബന്ധമില്ല. എന്നാല്‍, ട്രെയിനിനുള്ളില്‍ ബാറ്ററികള്‍ കണക്ട് ചെയ്തിട്ടുള്ളതു കൊണ്ട് അതില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടും കാരണമാകാമെന്നാണ് കരുതുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലാതെ മറ്റ് രണ്ട് സംശയങ്ങള്‍ കൂടി ഉയരുന്നുണ്ട്. പരിസരത്ത് ചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നതാകാം. ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മതില്‍ ഇടിച്ചിരുന്നു. ഇതു വഴിയെത്തിയ സാമൂഹ്യവിരുദ്ധര്‍ ആരെങ്കിലും തീവെച്ചതാകാമെന്നും റയില്‍വേ അന്വേഷണ വിഭാഗത്തിന് സംശയമുണ്ട്. ബോഗിയുടെ ഒരു വാതില്‍ തുറന്നു കിടന്നത് സംശയം ശക്തമാക്കുന്നുണ്ട്. ട്രെയിന്റെ മുകള്‍ ഭാഗത്താണ് ആദ്യം തീപിടിച്ചത്. അതുകൊണ്ടു തന്നെ ചവറുകൂനയില്‍ നിന്നും തീ പിടിച്ചതാകാമെന്ന സാധ്യത തള്ളിക്കളയേണ്ടിവരും. അട്ടിമറി സാധ്യത പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.