കുട്ടനാടിന്റെ വികസനം: സര്‍ക്കാര്‍ ജാമ്യം നിന്നാല്‍ നബാര്‍ഡ് 500 കോടി നല്‍കും

Saturday 10 January 2015 9:40 pm IST

ആലപ്പുഴ: കുട്ടനാട്ടിലെ മുഴുവന്‍ പഞ്ചായത്തുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് 500 കോടി രൂപ വായ്പ നല്‍കാന്‍ തയാറാണെന്ന് നബാര്‍ഡ് ചെയര്‍മാന്‍ അറിയിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജാമ്യം നിന്ന് ആവശ്യപ്പെട്ടാല്‍ പണം നല്‍കാമെന്നാണ് നബാര്‍ഡിന്റെ ചെയര്‍മാന്‍ അറിയിച്ചിട്ടുള്ളത്. കുട്ടനാട് മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും റോഡുകളും പാലങ്ങളും നവീകരിക്കാനും പുതിയവ നിര്‍മിക്കാനും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനുമാണ് നബാര്‍ഡിനോട് സഹായം ആവശ്യപ്പെട്ടത്. നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ അനുബന്ധ പദ്ധതിക്ക് 70 കോടി രൂപ ലഭിക്കും. കുട്ടനാട്ടില്‍ എല്ലായിടത്തും കുടിവെള്ളമെത്തിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി 250 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ജപ്പാന്‍ സര്‍ക്കാരിന്റെ സഹായം തേടിയെങ്കിലും അവര്‍ വൈമനസ്യം പ്രകടിപ്പിച്ചതായി കേന്ദ്രം അറിയിച്ചു. ലോകബാങ്ക് സഹായം തേടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായ സാന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദര്‍ശ് ഗ്രാമമായി ദത്തെടുത്ത തകഴി ഗ്രാമപഞ്ചായത്തില്‍ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ചേര്‍ന്ന അലോചനാ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.