മകരജ്യോതി ദര്‍ശനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Sunday 11 January 2015 2:55 pm IST

കാനനപാതവഴിയെത്തുന്ന തീര്‍ത്ഥാടകര്‍ ആഹാരം പാകംചെയ്യുന്നു

 

ശബരിമല : മകരജ്യോതി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍. മകരജ്യോതി ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ കൂടുതലായി തങ്ങുന്ന പുല്ലുമേട് ഉള്‍പ്പെടുന്ന ഇടുക്കി ജില്ലയില്‍ തൊണ്ണൂറ് അസ്‌കാ ലൈറ്റുകള്‍ ലഭ്യമാക്കും. മറ്റ് ജില്ലകളില്‍ നിന്ന് കൂടുതല്‍ അസ്‌കാ ലൈറ്റുകള്‍ ജ്യോതി ദര്‍ശനത്തിന് ഭക്തന്മാര്‍ തങ്ങുന്നപ്രദേശങ്ങളില്‍ എത്തിക്കും. വിളക്ക് ദിവസം വൈദ്യുതി മുടങ്ങാതിരിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏതെങ്കിലും സാഹചര്യത്തില്‍ വൈദ്യുതി മുടങ്ങിയാല്‍ ഉടന്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനായി പോലീസിന്റെ വയര്‍ലസ് സെറ്റ് വഴി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ പ്രധാന പോയിന്റുകളിലും വൈദ്യുതി വകുപ്പ് ജീവനക്കാരെ നിയോഗിക്കും. വിളക്ക് കാണുന്നതിനായി ട്രാന്‍സ്‌ഫോര്‍മറിലോ സുരക്ഷാവേലിയിലോ കയറി നില്‍ക്കുവാന്‍ ആരേയും അനുവദിക്കില്ല. .സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ദേവസ്വം ബോര്‍ഡിന്റെ ചെലവില്‍ ജനറേറ്റര്‍ വാടകയ്‌ക്കെടുത്ത് നല്‍കും.

ദര്‍ശനത്തിനും പ്രസാദങ്ങള്‍ വാങ്ങാനുമായി ക്യൂ നില്‍ക്കുന്നവര്‍ക്ക് ശാരീരിക അസ്വസ്ഥ്യം ഉണ്ടായാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് പ്രത്യേക സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. എന്‍ ഡി ആര്‍ എഫ്‌ന്റെ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ സംവിധാനം സന്നിധാനത്തെത്തിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി അന്നദാനം നടത്തുന്നവര്‍ തയ്യറാക്കുന്ന ഭക്ഷണം ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കും. കുടിവെള്ളം നിയന്ത്രിച്ച് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കും. . മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുന്ന തീര്‍ത്ഥാടകര്‍ക്ക് സുലഭമായി കുടിവെള്ളവും ബിസ്‌ക്കറ്റും വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിക്കും.

കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന കരിമലയില്‍ തലച്ചുമടായി വെള്ളം എത്തിക്കുമെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. മകരവിളക്കിനോടനുബന്ധിച്ച് പത്തുലക്ഷം ടിന്‍ അരവണയും രണ്ട്‌ലക്ഷം കവര്‍ അപ്പവും സംഭരിച്ചിട്ടുണ്ട് അതിനാല്‍പ്രസാദത്തിന് ക്ഷാമം ഉണ്ടാകില്ല. സന്ദേശങ്ങളും നിര്‍ദ്ദേസങ്ങളും ഉദ്യോഗസ്ഥരേയും ഭക്തജനങ്ങളേയും സന്നദ്ധസംഘടനകളേയും എത്രയും പെട്ടന്ന് അറിയിക്കാന്‍ ബി എസ് എന്‍ എല്‍ മൊബൈല്‍ ടവറിന്റെ ശേഷി വര്‍ദ്ദിപ്പിച്ചതായും ദേവസ്വം സെക്രട്ടറി അറിയിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍നായര്‍, ദേവസ്വംബോര്‍ഡ് അംഗം സുഭാഷ് വാസു, സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍, ജില്ല കളക്ടര്‍ ഹരി കിഷോര്‍ എന്നിവരും വിവിധ സര്‍ക്കാര്‍ വകുപ്പ് മേലധികാരികളും യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.