പത്മനാഭസ്വാമി ക്ഷേത്രം വിട്ടുനല്‍കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല: കുമ്മനം

Sunday 11 January 2015 9:28 pm IST

മലപ്പുറം: പത്മനാഭസ്വാമി ക്ഷേത്രവും സ്വത്തുക്കളും സര്‍ക്കാരിന് വിട്ടുനല്‍കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍. ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹൈന്ദവ ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതിലും ഹൈന്ദവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും മുഖ്യമന്ത്രിയും സര്‍ക്കാരും പൂര്‍ണ്ണ പരാജയമാണ്. ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഒരുക്കിയിട്ടില്ല. പൈതൃകഗ്രാമമായ ആറന്മുളയില്‍ വിമാനത്താവളം കൊണ്ടുവരാനുള്ള നീക്കത്തെ ഹിന്ദുസമൂഹം ചെറുത്തുതോല്‍പ്പിക്കും. ഹിന്ദുക്കള്‍ ഇന്ന് ഐക്യത്തിന്റെ പാതയിലാണ്. ആ പാതയിലൂടെ മുന്നോട്ടുപോകാന്‍ എല്ലാവരും ശ്രമിക്കണം. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ 127 ആവശ്യങ്ങള്‍ അടങ്ങിയ അവകാശപത്രിക ഈ സര്‍ക്കാരിന്റെ മുമ്പില്‍ സമര്‍പ്പിച്ചിരുന്നു. പക്ഷേ അതൊന്നും പരിശോധിക്കാനോ പരിഗണിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് ഹിന്ദുക്കളാണ്. ഹിന്ദുക്കള്‍ അസംഘടിതരായിരുന്നപ്പോള്‍ ഉണ്ടാക്കിയ ഭരണസംവിധാനമാണ് ഇന്നും നിലനില്‍ക്കുന്നത് ആ സംവിധാനം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.