ദൃശ്യവിസ്മയങ്ങളുടെ നേര്‍ക്കാഴ്ച ഒരുക്കി എരുമേലി പേട്ടതുള്ളല്‍

Sunday 11 January 2015 10:21 pm IST

എരുമേലി: ആചാരാനുഷ്ഠാനങ്ങളുടെ ഗതകാല പുണ്യസ്മരണകള്‍ പുതുക്കി ദൃശ്യവിസ്മയങ്ങളുടെ നേര്‍ക്കാഴ്ച ഒരുക്കിയ എരുമേലി പേട്ടതുള്ളല്‍ നാടിനെ ഭക്തിസാന്ദ്രമാക്കി. വര്‍ണച്ചായങ്ങള്‍ ദേഹമാസകലം പൂശി ശരണമന്ത്രങ്ങളുമായി യുദ്ധകാഹളം കണ ക്കെ അമ്പലപ്പുഴ സംഘം പേട്ടതുള്ളിയപ്പോള്‍ ശുഭ്രവസ്ത്രമണിഞ്ഞും, ചന്ദന കളഭാദി കുറികള്‍ ദേഹത്തണിഞ്ഞും പദാനുപദം നൃത്തം വച്ചുമാണ് ആലങ്ങാട്ട് സംഘം പേട്ടതുള്ളിയത്. 11.45ഓടെ നീലാകാശത്തില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദേവചൈതന്യമായി ശ്രീകൃഷ്ണപ്പരുന്ത് പറന്നതോടെ കൊച്ചമ്പലത്തില്‍ പേട്ടതുള്ളലിന് തുടക്കമായി. മതസൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും ശംഖനാദമായി ശരണമന്ത്രധ്വനികള്‍ ചരിത്രപ്രസിദ്ധ പേട്ടതുള്ളലിലുയര്‍ന്നപ്പോള്‍ പതിനായിരങ്ങളാണ് തെരുവോരങ്ങളില്‍ നിരന്നത്. ആലങ്ങാട് ദേശത്തിന്റെ ഐശ്വര്യദേവനായ ശിവ ഭഗവാന്റെ ചൈതന്യം വെള്ളിനക്ഷത്രമായി ആകാശനെറുകയില്‍ പ്രത്യക്ഷപ്പെട്ട 3.50ഓടെയാണ് രണ്ടാമത്തെ സംഘമായ ആലങ്ങാട് സംഘം പേട്ടതുള്ളല്‍ ആരംഭിച്ചത്. അമ്പലപ്പുഴ- ആലങ്ങാട് ദേശങ്ങളിലെ ഗുരുസ്വാമിമാര്‍ കൊച്ചമ്പലത്തില്‍എത്തി കിഴിപണവും നല്‍കി പ്രായശ്ചിത്തമായി വഴിപാടും നടത്തി ക്ഷേത്രം മേല്‍ശാന്തി ശ്രീവത്സന്‍ നല്‍കിയ പ്രസാദവും വാങ്ങിയാണ് പേട്ടതുള്ളല്‍ ആരംഭിച്ചത്. നെറ്റിപ്പട്ടം കെട്ടി സ്വര്‍ണത്തിടമ്പേറ്റിയ മൂന്നു ഗജവീരന്മാര്‍ വീതം ഇരു സംഘങ്ങളിലും അണിനിരന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എരുമേലി ശബരീശ സന്നിധിയായി മാറുകയായിരുന്നു. സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘത്തെ പള്ളിയങ്കണത്തില്‍ ജമാ അത്ത് പ്രസിഡന്റ് പി.എം. അബ്ദുള്‍ സലാം, സെക്രട്ടറി പി.എ. ഇര്‍ഷാദ്, ട്രഷറര്‍ സി.യു. അബ്ദുള്‍ കരീം അടക്കമുള്ള ജമാ അത്ത് ഭാരവാഹികള്‍ പൂക്കള്‍ വിതറി സ്വീകരിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത സന്തോഷ്, ജോപ്പന്‍ മണ്ഡപത്തില്‍, ഉഷാമണി, ടി.എസ്. കൃഷ്ണകുമാര്‍, ടി.പി. തൊമ്മി, മുജീബ് റഹ്മാന്‍, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. വിജയമ്മ, അസി. കമ്മീഷണര്‍ ജി. നിത്യജിത്ത്, എ.ഒ. മധു, മരാമത്ത് അസി. എക്‌സിക്യൂട്ടീവ് എ. അജിത്കുമാര്‍, പി.ഡി. ഷാജി, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.വി. കുര്യാക്കോസ്, മണിമല സിഐ എം.എ. അബ്ദുള്‍ റഹീം, എരുമേലി എസ്‌ഐ എം.എസ്. രാജീവ്കുമാര്‍, ഹിന്ദു ഐക്യവേദി സേവാഭാരതി പ്രതിനിധികളായ വി.ആര്‍. രതീഷ്, എസ്. മനോജ്, പി.കെ. രതീഷ്, വിശാഖ് വിക്രമന്‍, പി.എന്‍. ബാലന്‍, ജില്ലാ പഞ്ചായത്തംഗം പി.എ. സലീം, ദേവസ്വം ബോര്‍ഡ് ജീവനക്കാരായ പി.എന്‍. പ്രശാന്ത്, അനിയന്‍കുഞ്ഞ്, ബിജെപി നേതാവ് എന്‍.ഹരി അടക്കം നിരവധി പേര്‍ പേട്ടതുള്ളല്‍ സംഘങ്ങള്‍ക്ക് സ്വീകരണം നല്‍കി. വലിയമ്പലം മേല്‍ശാന്തി ജഗദീഷ് നമ്പൂതിരി, ജിഷ്ണു വി. പെരിയമന എന്നിവര്‍ ചേര്‍ന്ന് പേട്ടസംഘങ്ങലെ വലിയമ്പലത്തില്‍ സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.