കള്ളപ്രചാരണങ്ങള്‍ക്ക് അവസാനം; കനാല്‍ ശുചീകരണം ആരംഭിച്ചു

Sunday 11 January 2015 11:00 pm IST

കുന്നത്തൂര്‍: പൊതുജനങ്ങളെ ആശങ്കയിലാഴ്ത്തി പ്രചരിപ്പിച്ച കള്ളക്കഥകള്‍ക്ക് അവസാനം കുറിച്ചുകൊണ്ട് കെഐപി കനാലുകള്‍ വൃത്തിയാക്കി തുടങ്ങി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും കാട് വൃത്തിയാക്കലും മറ്റും ഒഴിവാക്കിയെന്നും അതിനാല്‍ കനാലുകളുടെ ശുചീകരണം മുടങ്ങുകയും അതിനാല്‍ ഈ വര്‍ഷം കെഐപി കനാലുകള്‍ വഴിയുള്ള ജലവിതരണം തടസപ്പെടുമെന്നുള്ള രീതിയില്‍ വ്യാപകപ്രചാരണമാണ് വിവിധ രാഷ്ട്രീയസംഘടനകള്‍ ചേര്‍ന്ന് നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ഈ കള്ളപ്രചാരണങ്ങള്‍ക്ക് അവസാനം കുറിച്ചുകൊണ്ടാണ് കുന്നത്തൂര്‍ താലൂക്കിലെ നൂറുകിലോമീറ്ററോളം ദൈര്‍ഘ്യത്തിലുള്ള കെഐപി കനാലുകളും ഉപകനാലുകളും ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരിച്ച് തുടങ്ങിയത്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ജലവിതരണത്തിന് മുന്നോടിയായുള്ള കനാല്‍ ശുചീകരണം ചെയ്തിരുന്നത് തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു. കല്ലട ഇറിഗേഷന്റെ തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ ഇടതുകര കനാലില്‍ നിന്നുള്ള ജലമാണ് വരള്‍ച്ചാമാസങ്ങളില്‍ താലൂക്കിന്റെ പ്രധാന ആശ്രയം. ഇത് ഈ വര്‍ഷം മുടങ്ങുകയും അതിനാല്‍ പ്രദേശം കടുത്ത വരള്‍ച്ചയിലാകുമെന്ന് പ്രദേശവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരെ കേന്ദ്രഗവണ്‍മെന്റിനെതിരെ തിരിച്ചു വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം തടയുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ ഈ ധാരണ തെറ്റിച്ചുകൊണ്ടാണ് ഇപ്പോള്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വിവിധ പഞ്ചായത്ത് വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കനാല്‍ വൃത്തിയാക്കല്‍ ജനുവരി അവസാനത്തോടെ കഴിയുകയും ഫെബ്രുവരി മധ്യത്തോടെ ജലവിതരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.