ചെന്നൈയില്‍ വാവ്‌റിങ്ക

Sunday 11 January 2015 11:15 pm IST

ചെന്നൈ: ലോക ടെന്നീസിലെ ന്യൂജന്‍ ഹീറോകളിലൊരാളായ സ്വിറ്റ്‌സര്‍ലാന്റിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക ചെന്നൈ ഓപ്പണ്‍ ടെന്നീസില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും ചാമ്പ്യനായി. സ്ലൊവേനിയന്‍ ക്വാളിഫയര്‍ അജാസ് ബെദേനെ തുരുത്തിയാണ് വാവ്‌റിങ്ക കിരീടം നിലനിര്‍ത്തിയത്, സ്‌കോര്‍: 6-3, 6-4. ചെന്നൈയില്‍ ഇതു മൂന്നാം തവണയാണ് വാവ്‌റിങ്ക ജേതാവാകുന്നത്. തികച്ചും ഏകപക്ഷീയമായിരുന്നു കലാശക്കളി. ലോക റാങ്കില്‍ തന്നെക്കാള്‍ ഏറെ മുകളിലുള്ള വാവ്‌റിങ്കയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ബെദേനായില്ല. സര്‍വിലും റിട്ടേണിലുമെല്ലാം വാവ്‌റിങ്ക ബേദേനെ ബഹുദൂരം പിന്തള്ളി. വാവ്‌റിങ്കയുടെ ഉശിരന്‍ ബാക്ക് ഹാന്‍ഡുകള്‍ സ്ലൊവേനിയന്‍ താരത്തെ പ്രതിസന്ധിയിലാക്കി. കാണികളും സ്വിസ് സ്റ്റാറിനെ ആവോളം പിന്തുണച്ചപ്പോള്‍ 69 മിനിറ്റില്‍ മത്സരത്തിന് തിരശീലവീണു. ഒന്നാം സെറ്റിന്റെ ആറാം ഗെയിമില്‍ പ്രതിയോഗിയെ ബ്രേക്ക് ചെയ്ത വാവ്‌റിങ്ക പിന്നെ തിരിഞ്ഞുനോക്കിയില്ല. രണ്ടാം സെറ്റിന്റെ ഏഴാം ഗെയിം കവര്‍ന്ന വാവ്‌റിങ്ക ട്രോഫി ഷെല്‍ഫിലെത്തിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്‍പ് ആത്മവിശ്വാസം കൂട്ടാനും ചെന്നൈയിലെ നേട്ടം വാവ്‌റിങ്കയെ തുണയ്ക്കുമെന്നുറപ്പ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.