ഭക്തജനസഹസ്രങ്ങളാല്‍ തിരുവൈരാണിക്കുളം നിറഞ്ഞൊഴുകി

Monday 12 January 2015 12:24 am IST

കാലടി: ഭക്തജനസഹസ്രങ്ങളാല്‍ തിരുവൈരാണിക്കുളം നിറഞ്ഞൊഴുകി. പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം സമാപിക്കുന്നതിന് മുമ്പുള്ള ഏക ഞായറാഴ്ചയായ ഇന്നലെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് ദര്‍ശനത്തിനായി എത്തിയത്. ഭക്തജനങ്ങളുടെ അഭൂതപൂര്‍വ്വമായ തിരക്കുമൂലം എട്ട് മണിക്കൂറിലേറെ കാത്തുനിന്ന ശേഷമാണ് ഭക്തര്‍ക്ക് ഇന്നലെ ദര്‍ശനം നടത്താനായത്. ശനിയാഴ്ച വൈകിട്ടു മുതല്‍ ഭക്തരുടെ നീണ്ട നിര ഉണ്ടായിരുന്നു. തിരക്കേറിയപ്പോള്‍ ഞായറാഴ്ച പതിവിലും നേരത്തെ വെളുപ്പിന് മൂന്ന് മണിക്ക് നട തുറന്നു. അപ്പോള്‍ തന്നെ ദര്‍ശനത്തിനായി വന്‍ നിര ദൃശ്യമായിരുന്നു. എട്ടുമണിയോടെ തിരക്ക് ക്രമാതീതമായി. ഉച്ചക്ക് 12 മണിയായപ്പോഴേക്കും നാല് ക്യൂ കോംപ്ലക്‌സുകളും കവിഞ്ഞ് അടുത്ത രണ്ട് റബ്ബര്‍ തോട്ടങ്ങളിലേക്കും ഭക്തജനങ്ങളുടെ നിര നീണ്ടു. വലിയൊരു സംഘം ഭക്തജനങ്ങള്‍ വഴിയില്‍ ക്യൂവായി നില്‍ക്കുന്നതും കാണാമായിരുന്നു. ഉച്ചപ്പൂജയ്ക്ക് 10 മിനിറ്റ് മാത്രമാണ് നട അടച്ചത്. 1.30ന് അടച്ച് 1.40ന് തുറന്നു. നിര വളെരയേറെ നീണ്ടപ്പോള്‍ ഭക്തര്‍ക്ക് കുടിവെള്ളവും ബിസ്‌കറ്റും വരിയില്‍ എത്തിച്ചു നല്‍കി. ക്ഷേത്രട്രസ്റ്റും ഗ്രാമീണരും സന്നദ്ധസംഘടനകളും ഭക്തജനങ്ങള്‍ക്ക് കുടിവെള്ളവും ലഘു ഭക്ഷണവും നല്‍കി. പാര്‍ക്കിങ് ഗ്രൗണ്ടുകളും നിറഞ്ഞുകവിഞ്ഞു. നാല് ഗ്രൗണ്ടുകളിലായി 1500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. തിരക്ക് മുന്നില്‍ കണ്ട് ശനിയാഴ്ച തന്നെ സംവിധാനങ്ങള്‍ വിപുലീകരിച്ചിരുന്നു. 150ല്‍ ഏറെ വളണ്ടിയര്‍മാരെ കുടിവെള്ള വിതരണത്തിനും നിരകള്‍ ക്രമീകരിക്കുന്നതിനുമായി രംഗത്തിറക്കി. മണിക്കൂറുകള്‍ കാത്തുനിന്ന ആളുകള്‍ക്ക് പരിസരങ്ങളിലെ വീട്ടുകാരും കുടിവെള്ളം നല്‍കി. കെഎസ്ആര്‍ടിസി ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, പറവൂര്‍, ചാലക്കുടി, എറണാകുളം, ആലപ്പുഴ, കൊല്ലം ഡിപ്പോകളില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തി. പതിവിലും കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടായിരുന്നു. യാത്രക്കാരെ കുത്തിനിറച്ചാണ് ബസ്സുകള്‍ വന്നത്. ക്ഷേത്രട്രസ്റ്റിന്റെ അന്നദാനം അനേകായിരങ്ങള്‍ക്ക് ആശ്വാസമായി. വരിയില്‍ കാത്തുനിന്ന് ക്ഷീണിച്ച ഭക്തര്‍ക്ക് ഗൗരി ലക്ഷ്മി മെഡിക്കല്‍ സെന്ററിലും, ഹോമിയോ ആയുര്‍വേദ ക്ലിനിക്കിലും പ്രാഥമിക ചികിത്സ നല്‍കി. തിരുവൈരാണിക്കുളത്തേക്കുള്ള വാഹനത്തിരക്കു മൂലം രാവിലെ ഏറെ നേരം കാലടിയിലും സമീപ ടൗണുകളിലും ഗതാഗത കുരുക്കനുഭവപ്പെട്ടു. പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍ ഇന്നലെ ദര്‍ശനം നടത്തി. പന്ത്രണ്ട് ദിവസത്തെ നടതുറപ്പ് മഹോത്സവത്തിന് വ്യാഴാഴ്ച രാത്രി എട്ടിന് നട അടക്കുന്നതോടെ സമാപനമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.