കൃഷ്ണപിള്ള സ്മാരകം : പ്രതികള്‍ കീഴടങ്ങി

Monday 12 January 2015 12:34 pm IST

തൃശൂര്‍: ആലപ്പുഴയില്‍ പി കൃഷ്ണപിളളയുടെ സ്മാരകം തകര്‍ത്ത കേസിലെ ശേഷിച്ച നാലു പ്രതികളും കീഴടങ്ങി. മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി സാബു, പ്രമോദ്, ദീപു, രാജേഷ് എന്നിവരാണ് തൃശൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതിയാണ് പി.സാബു. രാവിലെ 10.30ഓടെ നാല് പേരും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി ആര്‍.കെ. ജയരാജിന്റെ തൃശൂരിലെ ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. നേരത്തെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അത് തള്ളിയ ഹൈക്കോടതി പ്രതികളോട് പത്ത് ദിവസങ്ങള്‍ക്കകം കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നാലു പ്രതികളും കീഴടങ്ങിയത്. സിപിഎം ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് സ്മാരകം തകര്‍ത്തതെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം സിപിഎം ശരിവച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. കേസിലെ പ്രധാന പ്രതിയും വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി ചന്ദ്രന്‍ നേരത്തെ കീഴടങ്ങിയിരുന്നു. പിന്നീട് ഇയാള്‍ക്ക് ഉപാധികളോടെ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് മുഹമ്മ കണ്ണര്‍കാട്ടുള്ള പി കൃഷ്ണപിള്ള സ്മാരകം തീയിടുകയും പ്രതിമയ്ക്ക് കേട് വരുത്തുകയും ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.