താലിബാന്‍ ആക്രമണം: അഫ്ഗാനില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു

Wednesday 29 June 2011 9:11 pm IST

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പ്രമുഖ ഹോട്ടലില്‍ താലിബാന്‍ നടത്തിയ ചാവേറാക്രമണത്തില്‍ പത്തുപേരോളം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. വിനോദ സഞ്ചാരികളുടേയും രാഷ്ട്രപ്രതിനിധികളുടേയും ഇഷ്ടതാവളമായ ഇന്റര്‍കോന്റിനെന്റല്‍ ഹോട്ടലിന്‌ നേര്‍ക്കാണ്‌ ഇന്നലെ പുലര്‍ച്ചയോടുകൂടി ആക്രമണമുണ്ടായത്‌. തോക്കുകളും ബോംബുകളുമായെത്തിയ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഹോട്ടലിന്‌ സാരമായ കേടുപാടുകള്‍ സംഭവിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.
അഫ്ഗാന്‍ സുരക്ഷാ സേന, നാറ്റോയുടെ വ്യോമ പിന്തുണയോടുകൂടി അഞ്ചുമണിക്കൂറോളം പോരാട്ടം നടത്തിയാണ്‌ ഹോട്ടലില്‍ അതിക്രമിച്ചു കയറിയ ഭീകരരെ തുരത്തിയത്‌. ഹോട്ടല്‍ ജീവനക്കാരായ പത്തുപേരാണ്‌ കൊല്ലപ്പെട്ടതെന്നാണ്‌ സൂചന. സംഭവത്തില്‍ മൂന്ന്‌ പോലീസുകാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌.
ഇതോടൊപ്പം ആറോളം വരുന്ന താലിബാന്‍ ചാവേറുകളാണ്‌ ആക്രമണം നടത്തിയതെന്നും സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇവരെല്ലാവരും തന്നെ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്‌. അഫ്ഗാന്‍ സുരക്ഷാ സൈനികര്‍ക്കായുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദേശ നയതന്ത്രപ്രതിനിധികളുമായിരുന്നു ഹോട്ടലില്‍ ഉണ്ടായിരുന്നത്‌. ഹോട്ടലിലെ താമസക്കാരെല്ലാവരും തന്നെ സുരക്ഷിതരാണെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ഹോട്ടല്‍ ജീവനക്കാരാണെന്നും കാബൂള്‍ പോലീസ്‌ മേധാവി അയൂബ്‌ സാലംഗി അറിയിച്ചു.
ഇതോടൊപ്പം സുരക്ഷാസൈനികരും ഭീകരന്മാരുമായുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റവരെയെല്ലാം തന്നെ ആശുപത്രിയിലേക്ക്‌ മാറ്റിയതായും മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും മന്ത്രിസഭാ വക്താവ്‌ സിദ്ദിഖ്‌ സിദ്ദിഖ്വി ആശങ്ക പ്രകടിപ്പിച്ചു. അടുത്ത മാസത്തോടുകൂടി അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക്‌ സമ്പൂര്‍ണ അധികാരം കൈമാറാനുള്ള ചര്‍ച്ചകള്‍ക്കെതിരായ രാഷ്ട്രീയ പ്രതിനിധികള്‍ തങ്ങിയിരുന്ന ഹോട്ടലിന്‌ നേര്‍ക്ക്‌ താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണം അങ്ങേയറ്റം ആസൂത്രിതമാണെന്നാണ്‌ കരുതപ്പെടുന്നത്‌. അഫ്ഗാനിസ്ഥാനില്‍നിന്നും മുഴുവന്‍ സേനയേയും പിന്‍വലിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനം നിലവില്‍ വന്നതിനുശേഷം രാജ്യത്ത്‌ നടക്കുന്ന രണ്ടാമത്തെ വലിയ ചാവേറാക്രമണമാണിതെന്ന്‌ നിരീക്ഷിക്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.