ദല്‍ഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിന്

Monday 12 January 2015 10:21 pm IST

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിന്. 10നാണ് ഫലപ്രഖ്യാപനം. ജനുവരി 14ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 21. സൂക്ഷ്മപരിശോധന 22ന് നടക്കും. പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി ജനുവരി 24ഉം.  തീയതി പ്രഖ്യാപിച്ചതിനാല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്. സമ്പത്ത് അറിയിച്ചു. ദല്‍ഹിയിലെ എഴുപത് നിയോജകമണ്ഡലങ്ങളിലെ 1.3 കോടി വോട്ടര്‍മാരാണ് ഇക്കുറി പോളിംഗ് ബൂത്തിലെത്തുന്നത്. പുതുക്കിയ വോട്ടര്‍പട്ടിക ജനുവരി 5ന് പ്രസിദ്ധീകരിച്ചിരുന്നു. നിയമസഭ പിരിച്ചുവിട്ട രാഷ്ട്രപതിയുടെ ഉത്തരവിന്റെ കാലാവധി അവസാനിക്കുന്ന ഫെബ്രുവരി 15ന് മുന്‍പായി ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യമെന്ന് സമ്പത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ എച്ച്.എസ്. ബ്രഹ്മയും നസീം സൈദിയും കമ്മീഷന്‍ ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 2013 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 32 സീറ്റോടെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 27 സീറ്റുമായി ആംആദ്മി പാര്‍ട്ടിയും 8 സീറ്റോടെ കോണ്‍ഗ്രസും പിന്നിലെത്തി. കോണ്‍ഗ്രസ് പിന്തുണയോടെ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രി പദത്തിലെത്തിയെങ്കിലും 49 ദിവസത്തെ ഭരണത്തിനുശേഷം രാജിവെച്ചൊഴിഞ്ഞു. ഇതേത്തുടര്‍ന്ന് 2014 ഫെബ്രുവരിയില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍വന്നു. ഇക്കുറിയും ബിജെപിയും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ തന്നെ പ്രധാന മത്സരം. മെയില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏഴ് സീറ്റുകളും ബിജെപി കരസ്ഥമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മോദിയാണ് തങ്ങളുടെ പ്രചാരണമുഖമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് ഉപാദ്ധ്യായ പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.