ശുദ്ധിക്രിയകള്‍ക്ക് തുടക്കമായി; ഇന്ന് പമ്പ വിളക്കും സദ്യയും

Monday 12 January 2015 9:13 pm IST

സന്നിധാനത്ത് തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ശുദ്ധിക്രിയകള്‍

ശബരിമല : മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങളുടെ മുന്നോടിയായി  ശുദ്ധിക്രിയകള്‍ ആരംഭിച്ചു. തന്ത്രി കണ്ഠരര് രാജീവരരുടേയും മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരിയുടേയും കാര്‍മ്മികത്വത്തിലാണ് ശുദ്ധിക്രിയകള്‍. സന്നിധാനത്ത് അറിഞ്ഞോ അറിയാതയോ ഏതെങ്കിലും സാഹചര്യത്തില്‍ അശുദ്ധി ഉണ്ടായിട്ടുണ്ടങ്കില്‍ അതുമൂലം ഉണ്ടാകുന്ന ചൈതന്യലോപത്തെ ഇല്ലാതാക്കനാണ് ശുദ്ധിക്രിയകള്‍ നടത്തുക.

ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്കു ശേഷം വാസ്തുഹോമം, വാസ്തുബലി, രക്ഷാകലശം എന്നിവ നടക്കും. ഇന്ന് ചതുശുദ്ധി, ധാര, പഞ്ചഗം, പഞ്ചഗവ്യം എന്നിവയും നടക്കും.  ശുദ്ധിക്രിയകള്‍ക്ക് ശേഷം ചൈതന്യവത്തായ അയ്യപ്പ വിഗ്രഹത്തിലാണ് 14 ന് വൈകിട്ട് പന്തളം കൊട്ടരത്തിലെ രാജപ്രതിനിധിയുടെ നേതൃത്വത്തില്‍ ഗുരുസ്വാമിമാര്‍ തലയിലേറ്റി എത്തിക്കുന്ന അയ്യപ്പന്റെ തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കുന്നത്. തുടര്‍ന്ന് നടതുറന്നതിനുശേഷം പൊന്നമ്പലമേട്ടില്‍ മകരവിളക്കും, വിഹായസില്‍ മകരനക്ഷത്രവും ഉദിച്ചുയരും.

കഴിഞ്ഞദിവസം എരുമേലിയില്‍ പേട്ടതുള്ളി എത്തിയ അയ്യപ്പന്മാര്‍ പമ്പയിലെ മണപ്പുറത്ത് ഇന്ന് ഉച്ചയ്ക്ക് പമ്പമണപ്പുറത്തിരുന്നു സദ്യയും ഉണ്ടതിനുശേഷം വൈകിട്ട് ആറുമണിയോടെ പമ്പയിലെ പുളിനത്തില്‍ വിളക്ക് തെളിയിച്ച് സായൂജ്യം നേടും. മുപ്പത്തയ്യായിരത്തോളം  അയ്യപ്പഭക്തരാണ് പേട്ടതുള്ളല്‍ കഴിഞ്ഞ് കാനനപാതയിലൂടെ പമ്പാ സദ്യകഴിക്കുവാനും  പമ്പ വിളക്ക് തെളിയ്ക്കുവാനുമായി ഇരുമുടികെട്ടുമായി പമ്പാ മണപ്പുറത്ത് എത്തുന്നത്.

ഗുരുസ്വാമിയുടെ നിര്‍ദ്ദേശപ്രകാരമുള്ള വിഭവങ്ങളാണ് സദ്യയ്‌ക്കൊരിക്കിരിക്കുന്നത്. അയ്യപ്പസ്വാമി പമ്പാസദ്യയുണ്ണാന്‍ എത്തുമെന്നാണ് വിശ്വാസം. സദ്യയുണ്ടതിനുശേഷം വൈകിട്ട് ആറുമണിക്ക് പമ്പവിളക്കും തെളിയ്ച്ച്  ആയിരക്കണക്കിന് അയ്യപ്പന്മാര്‍ പമ്പാഗണപതിയേയും ശ്രീരാമസ്വാമിയേയും, ഹനുമാന്‍സ്വാമിയേയും വണങ്ങി ചെറു സംഘങ്ങളായി സന്നിധാനത്തേക്കുള്ള മലകയറ്റം ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.