ആര്‍ട്ട് ഓഫ് ലിവിംഗ് 18 ന് പമ്പ ശുചീകരണം നടത്തും

Monday 12 January 2015 9:32 pm IST

കോട്ടയം: ആര്‍ട്ട് ഓഫ് ലിവിംഗ് കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ പമ്പാനദി ശുചീകരണത്തിന്റെ രണ്ടാംഘട്ടം 18 ന് നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആയിരത്തി അഞ്ഞൂറ് പ്രവര്‍ത്തകര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കും. എല്ലാ മലയാളമാസ പൂജാ ദിനങ്ങളിലും മണ്ഡലകാലത്തും നടത്തി വരുന്ന ശുചീകരണ യജ്ഞത്തിന് പുറമേയാണ് രണ്ടാംഘട്ട ശുചീകരണം. ഇതുവരെ പമ്പയില്‍ നിന്നും 160 ടണ്ണോളം മാലിന്യങ്ങള്‍ വാരിമാറ്റാന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അയ്യപ്പഭക്തര്‍ പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്ന യാഥാര്‍ത്ഥ്യം ഭക്തരെ ബോധ്യപ്പെടുത്താന്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ബോധവല്‍ക്കരണം നടത്തുന്നുണ്ട്. പമ്പയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ ബോധവല്‍ക്കരണ പരിപാടി നടത്തുന്നുണ്ട്. ഭക്തര്‍ പമ്പയില്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളില്‍ കരാറുകാര്‍ നല്ലതുമാത്രമേ ശേഖരിക്കുന്നുള്ളു. അടിവസ്ത്രങ്ങളും പഴയ വസ്ത്രങ്ങളും നദിയില്‍ തന്നെ ഉപേക്ഷിക്കുന്നു. ഇത് പമ്പാനദിയെ മലിനമാക്കുന്നുണ്ട്. കേരളത്തിലെ മുന്നൂറോളം വരുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളെ ഏകോപിപ്പിച്ച് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പമ്പാ ക്ലീനിംഗ് പ്രോജക്ട് നടത്തുന്നതായും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ അരവിന്ദാക്ഷന്‍ നായര്‍, വി.ആര്‍.ബി നായര്‍, വേണു കൈലാസ്, സൂരജ് പനയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.