അനധികൃത മലയിടിച്ചില്‍ ബിജെപി തടഞ്ഞു

Tuesday 13 January 2015 9:24 am IST

കുണ്ടറ: കുരീപ്പുഴ അക്ഷയ മറൈന്‍ ഐസ്പ്ലാന്റിന് സമീപം അനധികൃതമായി മലയിടിച്ച് മണ്ണ് കടത്തുന്നത് ബിജെപി പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ തടഞ്ഞു. മണ്ണിടിച്ചുകൊണ്ടിരുന്ന ജെസിബിയും, ടിപ്പര്‍ലോറികളും ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിടുകയും അഞ്ചാലുംമൂട് പോലീസിന് കൈമാറുകയും ചെയ്തു. മാസങ്ങളായി അനധികൃത മണ്ണിടിച്ചില്‍ നടത്തുന്നത് സംബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പഞ്ചായത്ത് അധികൃതരെയും വാര്‍ഡ് മെമ്പറെയും അറിയിച്ചിരുന്നുവെങ്കിലും യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മണ്ണിടിക്കുന്നതുമൂലം മുകള്‍ഭാഗത്തു താമസിക്കുന്ന വീടുകള്‍ക്ക് ഭീഷണിയാവുകയും പ്രദേശവാസികള്‍ സ്ഥലം ഉടമയോട് പരാതി അറിയിക്കുകയും ചെയ്തു. എന്നാല്‍ സ്ഥലം ഉടമ പ്രദേശവാസികളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. തുടര്‍ന്ന് പ്രദേശവാസികള്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി നീങ്ങുകയായിരുന്നു. രാവിലെ ആറിന് മണ്ണുമായി വന്ന ടിപ്പര്‍ലോറികളും ജെസിബിയും പ്രവര്‍ത്തകര്‍ തടയുകയും പിന്നീട് അഞ്ചാലുംമൂട് എസ്‌ഐ രാജേഷിന് കൈമാറുകയും ചെയ്തു. പ്രതിഷേധത്തിന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഡ്വ.സി.കെ.മിത്രന്‍, ബിജെപി ഏരിയാ പ്രസിഡന്റ് കുരീപ്പുഴ സജു, നേതാക്കളായ രാജേഷ്, രാജീവ്, രമേശന്‍, വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.