അമേരിക്കന്‍ സൈന്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടും യൂട്യൂബും ഐസിസ് ഭീകരര്‍ ഹാക്ക് ചെയ്തു

Tuesday 13 January 2015 9:55 am IST

വാഷിങ്‌ടെണ്‍: അമേരിക്കന്‍ സൈന്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടും യൂട്യൂബും ഐസിസ് ഭീകരര്‍ ഹാക്ക് ചെയ്തു.  ഇതേത്തുടര്‍ന്ന് ഈ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തു. ഗള്‍ഫ് മേഖലയിലെ സൈനിക നീക്കങ്ങളെകുറിച്ച് വിവരങ്ങള്‍ നല്‍കുന്ന അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമ്മാന്‍ഡിന്റെ ട്വിറ്ററും യൂട്യൂബുമാണ് ഐസിസ് ഭീകരര്‍ ഹാക്ക് ചെയ്തത്. എന്നാല്‍ ഈ നുഴഞ്ഞുകയറ്റം ഗൗരവമുള്ളതല്ലെന്നും ചെറിയൊരു സൈബര്‍ നശീകരണ പ്രവണത മാത്രമാണെന്നുമാണ് സെന്റ്‌കോമിന്റെ നിലപാട്. അക്കൗണ്ടുകളുടെ പ്രവര്‍ത്തനത്തില്‍ യാതൊരു തരത്തിലുമുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും സെന്റ്‌കോം വ്യക്തമാക്കി. ഈ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഐസിസിനെതിരായ തീവ്രവാദവിരുദ്ധ നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കന്‍ സൈന്യം പുറത്ത് വിടുന്നത്. ഇറാഖിലും സിറിയയിലും അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളുടെ ദൃശ്യങ്ങളുള്ള യുട്യൂബും ഐസിസ് ഭീകരര്‍ ഹാക്ക് ചെയ്തിട്ടുണ്ട്. ചൈനയുടേയും കൊറിയയുടേയും ഭൂപടവും പെന്റഗന്റെ പ്രതിരോധ ഇടപാടുകള്‍ക്ക് വേണ്ടിവന്ന ചെലവിന്റെ വിവരങ്ങളും ഐസിസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ചില പ്രതിരോധ കരാറുകളെ കുറിച്ചുള്ള വിവരങ്ങളും ഇവയിലുണ്ട്. എന്നാല്‍ ഇത്തരം വിവരങ്ങള്‍ പെന്റഗണിന്റേയും വൈറ്റ് ഹൗസിന്റേയും വെബ്‌സൈറ്റുകളില്‍ തെരഞ്ഞാല്‍ ആര്‍ക്കും കണ്ടെത്താനാകുമെന്നാണ് യുഎസ് പ്രതിരോധമന്ത്രാലയത്തിന്റെ വിശദീകരണം എന്നാല്‍ സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്ന പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെയുണ്ടായ ഹാക്കിങ് വൈറ്റ് ഹൗസ് ഗൗരവത്തോടെയാണ് കാണുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.